ഇന്ന് ലോക ജല ദിനം

   ജലം ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ ജലം ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ എന്താണ് നമ്മുടെ കാഴ്ചപ്പാട്? നമുക്ക് എന്ത് ചെയ്യാൻ കഴിയും? ലോക ജല ദിനത്തിൽ ഇത്തരം കാര്യങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്താം.

ശുദ്ധ ജലം ആവശ്യാനുസരണം ലഭിക്കുന്നുണ്ടല്ലോ പിന്നെന്താ എന്ന ചോദ്യത്തിന്റെ പ്രസക്തി സഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് സമീപകാലത്തുള്ള പഠനങ്ങൾ തെളിയിക്കുന്നത് . ഭൂമിയുടെ അന്തർഭാഗങ്ങളിൽ ശേഖരിക്കപ്പെടുന്ന ഭൂഗർഭ ജലം പോലും ഭീതിദായകമാം വിധം മലിനമായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്യം . കുടിവെള്ളമെത്തിക്കാൻ തയ്യാറാക്കിയിട്ടുള്ള ശുദ്ധജല പദ്ധതികളിൽ ഏറിയ പങ്കും മലിന ജലസ്രോതസുകളുമായോ മാലിന്യ കൂമ്പാരങ്ങളുമായോ ബന്ധപ്പെട്ടുകിടക്കുന്നു എന്നത് മറ്റൊരു യാഥാർത്യം. ശുദ്ധജലം എന്ന പേരിൽ ജലവിൽപ്പന നടത്തുന്ന ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിൽ  ആരോഗ്യത്തിന് ഹാനികരമാം വിധത്തിൽ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്നുള്ളതും മറ്റൊരു യാഥാർത്യം മാത്രം . ഈ യാഥാർത്യങ്ങൾ കേട്ട് ഞെട്ടൽ തോന്നുന്നുണ്ടോ? തോന്നില്ല കാരണം എല്ലാവരും ഓട്ടത്തിലാണല്ലോ നിരന്തരമായ ഓട്ടം, എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടം. ഒന്നും ഇല്ലാത്തവന് എന്തെങ്കിലും നേടാനുള്ള ഓട്ടം ഉള്ളവന് ഉള്ളത് വർദ്ധിപ്പിക്കാനുള്ള ഓട്ടം ഇതിനിടക്ക് എവിടാ സമയം .....  ഈ ഓട്ടത്തിനിടയിൽ സ്വന്തം കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് നാമാരും തിരിച്ചറിഞ്ഞു എന്നു വരില്ല.

ഇനിയൊരു ലോക മഹായുദ്ധം ഉണ്ടായാൽ അത് ശുദ്ധജലത്തിന് അഥവാ കുടിവെള്ളത്തിനു് വേണ്ടി ആയിരിക്കും എന്ന് പ്രഘോഷിക്കുന്നതിനും ചർച്ചകൾ സംഘടിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്ന താത്പര്യം പലപ്പോഴും ജലദൗർലഭ്യം മറികടക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ കണ്ടുവരുന്നില്ല. പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാവുമ്പോൾ അത് പരിഹരിക്കുന്നതിന് ആവശ്യമായ ക്രിയാത്മകമായ  മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനു പകരം പരസ്പരം പഴിചാരുന്നതിനാണ് ശ്രമിക്കാറുള്ളത്.

സുസ്തിരമായ ഒരു ആവാസവ്യവസ്ഥ നിലനിൽക്കണമെങ്കിൽ ശുദ്ധജല ലഭ്യത അത്യന്താപേക്ഷിതമായതിനാൽ അതിന് ഓരോ പൗരനും തന്നാലാകുന്നത് ചെയ്യേണ്ടതുണ്ട്. അതിന് ഉതകുന്ന ഏതാനും ആശയങ്ങൾ ചുവടെ ചേർക്കുന്നു . ജലവിനിയോഗം കാര്യക്ഷമമാക്കുന്നതിലൂടെയുള്ള ജലസംരക്ഷണമാണ് ഏറ്റവും ലഘുവായും യാതൊരും അധിക ചെലും കൂടാതെ നടപ്പാക്കാൻ കഴിയുന്ന ഒരു പദ്ധതി. ഇതിനായി വീട്ടുകളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നു നോക്കാം. അടുക്കളയിൽ നിന്നു തുടങ്ങാം ജലസംരക്ഷണം. ഓരോ ദിവസവും എത്ര ലിറ്റർ വെള്ളമാണ് അടുക്കളയിൽ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്നത്? അടുക്കളയിൽ നിന്നും പുറന്തള്ളുന്ന വെള്ളത്തിൽ ആഹാരസാധനങ്ങൾ പാചകം ചെയ്യുന്നതിനു മുൻപ് ധാന്യങ്ങളും മൽസ്യ മാംസാധികളും കഴുകുന്ന വെള്ളവും ആഹാരം കഴിച്ച പാത്രങ്ങൾ കഴുകുന്ന വെള്ളവും ഭക്ഷണശേഷം കൈകഴുകുന്ന വെള്ളവും പ്രധാനമായും അടങ്ങിയിരിക്കുന്നു.

 ഈ വെള്ളമെല്ലാം കിച്ചൺ സിങ്കിലൂടെ  സമീപത്തുള്ള അഴുക്കുചാലിലോ ഡ്രൈനേജീലോ എത്തി ചേരുന്നു. അതുമല്ലെങ്കിൽ വീട്ടിനോടു ചേർന്നുള്ള മലിന ജല സംഭരണ ടാങ്കിൽ എത്തിചേരും . എന്നാൽ ഭക്ഷണം കഴിച്ചശേഷം കൈകഴുകുന്ന വെള്ളംവും പല്ലു തേയ്ക്കുമ്പോഴും മുഖം കഴുകുമ്പോഴും വാഷ് ബെയ്സിനിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളവും  ക്ലോസറ്റിനോടനുബന്ധിച്ചുള്ള ഫ്ലഷ് ടാങ്കിൽ ശേഖ രിച്ച ശേഷം ക്ലോസറ്റിൽ ഫ്ലഷ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിധത്തിൽ എന്തുകൊണ്ട് പ്രയോജനപ്പെടുത്തി ക്കൂടാ? . ഇത് ഒരു പുതിയ കണ്ടുപിടുത്തം അല്ല ഇത്തരത്തിൽ രൂപകൽപ്പന ചെയ്ത വാഷ് ബെയ്സിൻ കംഫ്ലഷ് ടാങ്കുകൾ നിരവധി വിദേശ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു. നിർമ്മാണത്തിന് അധിക ചെലവ് ഒട്ടും തന്നെ വേണ്ടാത്ത ഇത്തരം ഉപകരണം നമ്മുടെ നാട്ടിൽ പ്രചരിപ്പിച്ചാൽ ഓരോ വീട്ടിലും ഇതിലൂടെ മാത്രം  പ്രതിദിനം 50 മുതൽ 60 ലിറ്റർ വരെ ശുദ്ധജലത്തിന്റെ ദുരുപയോഗം കുറക്കാൻ സാധിക്കും.

 അഞ്ഞൂറോ ആയിരമോ ലിറ്റർ കപ്പാസിറ്റിയുള്ള ഒരു ഫിഷ് ടാങ്ക് അടുക്കളക്കു സമീപത്തായി സ്ഥാപിച്ച്  അതിൽ അടക്കളയിൽ നിന്നും മറ്റ് പ്രവർത്തനങ്ങളുടെ ഭലമായി പുറത്തേക്ക് ഒഴുകുന്ന വെള്ളം  ശേഖരിച്ചാൽ അതിൽ ഗാർഹിക ഉപയോഗത്തിന് യോജിച്ച  ഇനങ്ങളിലുള്ള മൽസ്യങ്ങളെ വളർത്താവുന്നതാണ്.  ഓരോ പ്രാവശ്യവും അടുക്കളയിൽ നിന്നും മലിനജലം ഈ ടാങ്കിൽ എത്തി ചേരുമ്പോൾ അതിലുള്ള ജൈവ അവശിഷ്ടങ്ങളെ മൽസ്യങ്ങൾ ഭക്ഷിക്കുന്നു.  ഈ വെള്ളം ഓരോ ദിവസവും ചെടികൾക്കോ പച്ചക്കറി കൃഷിക്കോ ഉപയോഗിക്കുന്നതിലൂടെ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ശുദ്ധജലം പൂർണമായും ഒഴിവാക്കാൻ കഴിയും. തന്നെയുമല്ല മത്സ്യവിസർജ്യം അടങ്ങിയ വെള്ളം ചെടികൾക്ക് ലഭിക്കുന്നതിലൂടെ  മറ്റ് വളങ്ങളുടെ ഉപയോഗം കൂടാതെ ഗുണമേൻമയുള്ള ജൈവ പച്ചക്കറികൾ ലാഭകരമായി ഇത്പാദിപ്പിക്കാനും കഴിയുന്നു. പല വിദേശ രാജ്യങ്ങളിലും അടുക്കളയോടു ചേർന്ന് ഇത്തരത്തിലുളള മൽസ്യം വളർത്തൽ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
 ഇതു കൂടാതെ വാട്ടർ ടാപ്പിൽ നിന്നും മഗ്ഗ് ഉപയോഗിച്ച് വെള്ളം ശേഖരിച്ച് ഉപയോഗിക്കൽ ആവശ്യത്തിന് മാത്രം വെള്ളം ലഭിക്കുന്ന വിധത്തിലുള്ള സെൻസറുകൾ ഘടിപ്പിച്ച ഗുണമേൻമയുള്ള വാട്ടർ ടാപ്പുകളുടെ ഉപയോഗം തുടങ്ങി നിരവധി ലഘു മാർഗ്ഗങ്ങൾ ജലസംരക്ഷണത്തിനായി അവലംബിക്കാവുന്നതാണ്.

 നിരവധി പ്രക്രിയയിലൂടെയാണ് വെള്ളം ശുദ്ധീകരിച്ച് കുടിക്കാൻ അയോജ്യമാക്കി നമുക്ക് ലഭ്യമാക്കുന്നത് . ഈ ശുദ്ധജലം  ക്ലോസറ്റ് ഫ്ലഷ് ചെയ്യുന്നതിനും ചെടി നടക്കുന്നതിനും വേണ്ടി പാഴാക്കി കളയുന്ന പ്രവണതക്ക് മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു.  വെളളം ശുദ്ധീകരിച്ച് കുടിക്കാൻ അനുയോജ്യമാക്കി എടുക്കുന്നതിന് വേണ്ടി വരുന്ന ചെലവിനേക്കാൾ കുറവായിരിക്കും ജലസംരക്ഷണ ബോധവൽക്കരണത്തിന് വേണ്ടി വരുന്ന ചെലവ്.

മഴവെള്ള സംഭരണം , ഭൂഗർഭ ജലം റീചാർജിംഗ്,  പ്രകൃതിദത്ത ജലസംഭരണികളുടെ സംരക്ഷണം,  നദീസംരക്ഷണം, ഉപയോഗശൂന്യമായ പാറമടകളുടെ സംരക്ഷണം, ഭൂഗർഭ ജലമലിനീകരണം തടയൽ, ഭൂഗർഭ ജലത്തിന്റെ വ്യാവസായിക ഉപയോഗത്തിലുള്ള നിയന്ത്രണം തുടങ്ങി നിരവധി കാര്യങ്ങൾ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യേണ്ടതുണ്ടെങ്കിലും സമയപരിമിതി മൂലം തൽക്കാലം നിർത്തുന്നു. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ആപ്തവാക്യത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട് നമ്മളാൽ കഴിയുന്ന വിധത്തിൽ ജലസംരക്ഷണ യജ്ഞത്തിൽ നമുക്കം പങ്കുചേരാം ...... ശുദ്ധജലത്തിനു വേണ്ടി ഒരു യുദ്ധം ഉണ്ടാകാതിരിക്കാൻ വേണ്ടിയെങ്കിലും .......

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ