സമ്പൂർണ ശുചിത്വത്തിന് ബയോ സെപ്റ്റിക് ടാങ്ക്

ഹരിത ഊര്‍ജ്ജ ഉത്പാദനത്തിനും
ശുചിത്വത്തിനും ബയോ സെപ്റ്റിക് ടാങ്ക്


ഏതൊരു സമൂഹത്തിന്റേയും ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യാനുസരണമുളള ഊര്‍ജ്ജ ഉത്പാദന ഇന്ധനങ്ങളും, ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ പദ്ധതികളും അത്യന്താപേക്ഷിതമാണ്.  ഇതിലെല്ലാമുപരിയായി മതിയായ ശുചിത്വ സംവിധാനങ്ങളും ഡ്രൈനേജും അത്യന്താപേക്ഷിതമാണെന്ന കാര്യവും എടുത്തു പറയേണ്ടതില്ല.  പല കാരണങ്ങള്‍ കൊണ്ടും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന  തീരപ്രദേശങ്ങളിലും, ചേരികളിലും, ഗ്രാമങ്ങളിലും മതിയായ ശുചിത്വ സംവിധാനങ്ങള്‍ ആവശ്യാനുസരണം ലഭ്യമല്ല.  അശാസ്ത്രീയമായ സാനിട്ടേഷന്‍ സംവിധാനങ്ങള്‍ മണ്ണും, വായുവും  ജലവും ഒരു പോലെ മലിനീകരിക്കപ്പെടുന്നതിന് ഇടയാകുന്നു.


ജലസ്രോതസുകളോടും കനാലുകളോടും ചേര്‍ന്ന് ചേരികള്‍ രൂപം കൊളളുമ്പോള്‍ മനുഷ്യ വിസര്‍ജ്യം ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ ജലസ്രോതസുകളിലേക്ക് ഒഴുകി എത്തുന്ന വിധത്തിലായിരിക്കും കക്കൂസുകള്‍ നിര്‍മ്മിക്കുന്നത്.  ഇത് ഗുരുതരമായ ജലമലിനീകരണത്തിനും അതിന്റെ ഫലമായുണ്ടാകുന്ന ജലജന്യ രോഗങ്ങള്‍ക്കും ഇടയാക്കും.  ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുളള അടിയന്തിര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഭൂഗര്‍ഭജലം ഉള്‍പ്പടെയുളള ശുദ്ധജല സ്രോതസുകള്‍ ക്രമാതീതമായി മലിനപ്പെടുകയും ശുദ്ധജല ലഭ്യത ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യും.

നഗര പ്രദേശങ്ങളിലെ ജനസാന്ദ്രത അനുദിനം വര്‍ദ്ധിച്ച് വരുന്നതിനാല്‍ ഡ്രൈനേജ് ലൈനുകള്‍ നിറഞ്ഞു കവിയുന്നതുള്‍പ്പടെയുളള പലവിധ പ്രശ്‌നങ്ങള്‍ക്കും ഇടയാകുന്നു.  കക്കൂസ് മാലിന്യങ്ങള്‍ പബ്ലിക് ഡ്രൈനേജിലേക്ക് കടത്തി വിടുന്നതിനു മുന്‍പ് ഭാഗിക സംസ്‌കരണം നടത്താന്‍ കഴിഞ്ഞാല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ ലഘൂകരിക്കാന്‍ സാധിക്കും.
നഗര സാനിട്ടേഷന്‍ കാര്യക്ഷമമാക്കുന്നതിന് മനുഷ്യ വിസര്‍ജ്യത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണം അത്യന്താപേക്ഷിതമാണ്.  സാനിട്ടേഷന്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ തലത്തില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ഇതര സ്ഥാപനങ്ങള്‍ക്കും നിര്‍ണായകമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  എന്നാല്‍ ഇത് യഥാര്‍ത്ഥ ആവശ്യത്തിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ആകുന്നുളളൂ.  മതിയായ ശുചിത്വം ഉറപ്പു വരുത്തുന്നതിന് ആട്ടോമാറ്റിക് സംവിധാനങ്ങളോടു കൂടിയ ഇലക്‌ട്രോണിക് ടോയിലറ്റുകള്‍ വരെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  പക്ഷേ ടോയിലറ്റുകള്‍ പുരോഗമിച്ചെങ്കിലും ഇവയോടനുബന്ധിച്ച് സ്ഥാപിക്കുന്ന സെപ്റ്റിക് ടാങ്കുകള്‍ തികച്ചും പ്രാകൃത മാതൃകകളിലുളളവയാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്.
 മനുഷ്യ വിസര്‍ജ്ജ്യം സെപ്റ്റിക് ടാങ്കിനുളളില്‍ വച്ച് സംസ്‌കരിച്ച് വാതകവും

വെളളവുമാക്കി മാറ്റുന്നു എന്നു പറയുന്ന സാങ്കേതിക വിദ്യകളില്‍ പോലും ഇപ്രകാരം ഉണ്ടാക്കുന്ന വാതകം ശേഖരിക്കുന്നതിനോ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടയുന്നതിനോ യാതൊരു സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടില്ല.  പ്രാകൃത സെപ്റ്റിക് ടാങ്ക് ആയാലും ശാസ്ത്രീയമായി രൂപ കല്‍പ്പന ചെയ്ത സെപ്റ്റിക് ടാങ്ക് ആയാലും ഇവയില്‍ ഉണ്ടാകുന്ന വാതകം ഒരു പൈപ്പ് ഉപയോഗിച്ച് അന്തരീക്ഷത്തിലേക്ക് തളളിവിടുന്നതായാണ് കണ്ടു വരുന്നത്.  ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.  ഇത്തരത്തില്‍ സെപ്റ്റിക് ടാങ്കുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പു വഴി വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് നേരിട്ട് വ്യാപിക്കത്തക്ക വിധത്തിലാണ് ഇവയുടെയും രൂപ കല്‍പ്പന.
പ്രായ പൂര്‍ത്തിയായ ഒരാള്‍ ഒരു ദിവസം പുറന്തളളുന്ന വിസര്‍ജ്യ വസ്തുക്കളില്‍ നിന്നും 30 ലിറ്റര്‍ വരെ ബയോഗ്യാസ് ഉണ്ടാകുന്നതായി ഈ രംഗത്തു വിവിധ തലത്തില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു.  അഞ്ച് അംഗങ്ങളുളള ഒരു വീട്ടില്‍ നിന്നും ഉണ്ടാകുന്ന വിസര്‍ജ്യത്തില്‍ നിന്നും 54 ക്യൂബിക് മീറ്റര്‍ ബയോഗ്യാസ് ഒരു വര്‍ഷം പുറന്തളളുന്നതായി കണക്കാക്കുന്നു.  ഇത് ഏകദേശം 24 കിലോഗ്രാം LPG ക്ക് തുല്യമാണ്.  എന്നാല്‍ ഒരു ബയോ ഡൈജസ്റ്ററിന്റെ സഹായത്താല്‍ ഇത്രയും ബയോഗ്യാസിനെ ശേഖരിച്ച് ഉപയോഗിച്ചാല്‍ നഗര പ്രദേശങ്ങളില്‍ ഇത്രയും LPG ലാഭിക്കുന്നതിനും ഗ്രാമ പ്രദേശങ്ങളില്‍ ഇതിന് തുല്യമായ വിറക് ഉപയോഗിക്കുന്നത് തടയുന്നതിനും സഹായകരമാണ്.
ബയോഗ്യാസ് ഒരു ഹരിത ഊര്‍ജ്ജ സ്രോതസ്സാണ്.  ഇത് എല്ലാ വിധത്തിലുളള ഊര്‍ജ്ജ ഉദ്പാദനത്തിനും ഉപയോഗിക്കാവുന്ന ഇന്ധനമാണ്.  എന്നാല്‍ അശാസ്ത്രീയമായ സെപ്റ്റിക് ടാങ്കുകളുടെ രൂപകല്‍പ്പന കാരണം, മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുളള ബയോഗ്യാസ് ശേഖരിക്കാന്‍ സാധിക്കാതെ നഷ്ടപ്പെടുന്നു.
ഇപ്പോള്‍ വ്യാപകമായി കണ്ടു വരുന്നതു പോലെ സെപ്റ്റിക് ടാങ്കില്‍ ഉണ്ടാകുന്ന ബയോഗ്യാസ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കും.  കാരണം ബയോഗ്യാസിലെ പ്രധാന ഘടകം മീതെയിന്‍ ആണ്.  പരിസ്ഥിതി മലിനീകരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന വാതകം കാര്‍ബണ്‍ഡൈഓക്‌സൈഡാണെങ്കിലും കാര്‍ബണഡൈഓക്‌സൈഡുമായി താരതമ്യം ചെയ്യുമ്പോള്‍ 22 മടങ്ങ് കൂടുതല്‍ അപകടകാരിയാണ് മീതെയിന്‍ എന്നാണ് ഈ രംഗത്തു നടത്തിയ നിരവധി പഠനങ്ങള്‍ തെളിയിക്കുന്നത്.
35 പേരുടെ വിസര്‍ജ്യത്തില്‍ നിന്നും പ്രതിദിനം 1000 ലിറ്റര്‍ ബയോഗ്യാസ് ഉദ്പാദിപ്പിക്കപ്പെടുന്നു.  ഇത്തരത്തില്‍ ഒരു വര്‍ഷം പുറന്തളളുന്ന ബയോഗ്യാസ് ഏകദേശം 3.5 മെട്രിക്ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിനു തുല്യമാണ്.  120 കോടിയില്‍പരം ജനസംഖ്യയുളള ഇന്ത്യ പോലുളള ഒരു രാജ്യത്തില്‍ പ്രതിവര്‍ഷം എത്ര ബില്യന്‍ മെട്രിക്ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുളളൂ.

എന്നാല്‍ ഇത്രയും ഉയര്‍ന്ന അളവിലുളള ബയോഗ്യാസ് ശാസ്ത്രീയമായി ശേഖരിക്കുന്നതിനും ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും അനുയോജ്യമായ പദ്ധതികള്‍ വികസിപ്പിച്ചെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  മനുഷ്യ വിസര്‍ജ്യം സംസ്‌കരിച്ച് ബയോഗ്യാസ് ശേഖരിക്കാന്‍ പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.  ഇത് ടോയിലറ്റ് ലിങ്ക്ട് ബയോഗ്യാസ് പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്നു.  നിരവധി പേര്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് ബയോഗ്യാസ് ഉത്പാദിപ്പിച്ച് ഉപയോഗിച്ചുവരുന്നു.  എന്നാല്‍ ഇതുപോലെ വീടുകളിലെ കക്കൂസ് ബന്ധിപ്പിച്ച് ബയോഗ്യാസ് ഉദ്പാദിപ്പിക്കുന്ന ബയോഗ്യാസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അതിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.  ഇതിന്റെ പ്രധാന കാരണം ഈ സാങ്കേതിക വിദ്യയെ കുറിച്ചുളള അജ്ഞതയും തെറ്റിദ്ധാരണകളുമാണ്.  കൂടാതെ സാധാരണ സ്വന്തമായി കക്കൂസ് ഉളള വീടുകളില്‍ കക്കൂസില്‍ നിന്നും സെപ്റ്റിക് ടാങ്കുകളിലേക്കോ ഡ്രൈനേജ് ലൈനിലേക്കോ ഘടിപ്പിച്ചിട്ടുളള പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്നത് ഒന്നോ രണ്ടോ അടി താഴ്ചയിലായിരിക്കും.  ഇത് ബയോഗ്യാസ് പ്ലാന്റുമായി ഘടിപ്പിക്കുന്നത് ശ്രമകരമായ ജോലിയും താരതമേ്യന ചെലവു കൂടിയതുമാണ്.  ഇത് ഈ പദ്ധതിയോട് വിമുഖത കാണിക്കുന്നതിനുളള ഒരു പ്രധാന കാരണമാണ്.
ബയോടെക്കിന്റെ നിരവധി വര്‍ഷങ്ങളായുളള ഗവേഷണ ഫലമായാണ്
 ഒരു അനൈറോബിക് സെപ്റ്റിക് ടാങ്ക് വികസിപ്പിച്ചെടുത്തത് . ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഈ അനൈറോബിക് സെപ്റ്റിക് ടാങ്കിന്റെ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.  വ്യാവസായിക അടിസ്ഥാനത്തില്‍ അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ഉത്പാദിപ്പിക്കാന്‍ താത്പര്യമുളളവര്‍ക്ക് അതിനാവശ്യമായ എല്ലാ സാങ്കേതിക സഹായവും ബയോടെക്കില്‍ ലഭ്യമാണ്.
  ഒരു ഡൈജസ്റ്ററായി പ്രവര്‍ത്തിക്കത്തക്ക വിധത്തിലാണ് അനൈറോബിക്
സെപ്റ്റിക് ടാങ്കിന്റെ രൂപ കല്‍പ്പന.  ഇപ്പോള്‍ നിലവിലുളള കക്കൂസുകളുമായും പുതുതായി നിര്‍മ്മിക്കുന്ന കക്കൂസുകളുമായും അനായാസം ഘടിപ്പിക്കത്തക്ക വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.  ഇത് ബയോമിതനേഷന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.  ഈ സെപ്റ്റിക് ടാങ്കില്‍ പ്രാരംഭമായി വളര്‍ത്തിയെടുക്കുന്ന അനൈറോബിക് ബാക്ടീരിയകള്‍ മനുഷ്യ വിസര്‍ജ്യത്തെ ബയോഗ്യാസ് ആക്കി മാറ്റുന്നു.  ഫൈബര്‍ ഗ്ലാസില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ അനൈറോബിക് സെപ്റ്റിക് ടാങ്ക് ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പവുമാണ്.  വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്ഥാപിക്കാവുന്ന വിധത്തിലാണ് ഈ അനൈറോബിക് സെപ്റ്റിക് ടാങ്ക് വികസിപ്പിച്ചെടുത്തത്.  സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തന ഫലമായി അനൈറോബിക് സെപ്റ്റിക് ടാങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് ഒരു ബലൂണിലോ വീട്ടില്‍ സ്ഥാപിക്കുന്ന ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റിന്റെ വാതക സംഭരണിയിലോ ശേഖരിക്കാം.
5 അംഗങ്ങള്‍ വരെയുളള ഒരു കുടുംബത്തിന് 1000 ലിറ്റര്‍ സംഭരണ ശേഷിയുളള ഡൈജസ്റ്ററാണ് അനുയോജ്യം.  കക്കൂസ് ഉപയോഗിക്കുമ്പോള്‍ പുറന്തള്ളുന്ന മലിന ജലവും കൂടി കണക്കിലെടുത്താണ് ഈ വലുപ്പം നിശ്ചയിച്ചിരിക്കുന്നത്.  മണ്ണിനടിയില്‍ കുഴിച്ചിടുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കാത്ത തരത്തിലാണ് ഇതിന്റെ രൂപ കല്‍പ്പന.  പൂര്‍ണ്ണമായും അന്തരീക്ഷ വായുവുമായി സമ്പര്‍ക്കം ഇല്ലാത്ത വിധത്തില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ഈ സെപ്റ്റിക് ടാങ്കിന്റെ മുകള്‍ ഭാഗത്തായി ഇതിനായി ഒരു വാട്ടര്‍ സീല്‍ ഘടിപ്പിച്ചിട്ടുണ്ട്.  വാട്ടര്‍സീലിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന മുകള്‍ ഭാഗത്തുളള കവറിലൂടെ ഡൈജസ്റ്ററിലുണ്ടാകുന്ന ബയോഗ്യാസ് പുറത്തേക്ക് കൊണ്ടു പോകുന്നതിനുളള നിയന്ത്രണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.  വാട്ടര്‍സീലോടു കൂടിയ മുകള്‍മൂടി അനായാസം കൈകാര്യം ചെയ്യത്തക്ക വിധത്തില്‍ വളരെ ലളിതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ഘടിപ്പിക്കുന്ന കക്കൂസുകള്‍ ക്ലീന്‍ ചെയ്യുമ്പോള്‍ വീര്യം കുറഞ്ഞ ലോഷനുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.  വീര്യം കൂടിയ ലോഷനുകളും ആസിഡുകളും അമിതമായ തോതില്‍ ഉപയോഗിച്ചാല്‍ ഡൈജസ്റ്ററിന്റെ പ്രവര്‍ത്തന മികവ് കുറയാന്‍ സാദ്ധ്യതയുണ്ട്.  ഫൈബര്‍ഗ്ലാസില്‍ നിര്‍മ്മിക്കുന്ന അനൈറോബിക് സെപ്റ്റിക് ടാങ്കിന് 15 വര്‍ഷത്തിലധികം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴുയും.
വിവിധ വലുപ്പത്തിലുളള അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ലഭ്യമാണ്.  ഇതിനാല്‍ വീടുകളിലും സ്ഥാപനങ്ങളിലും ധാരാളം പേര്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളിലും ഒരുപോലെ അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ഉപയോഗിക്കാന്‍ കഴിയും.  സംസ്‌കരണ ഫലമായി ലഭിക്കുന്ന ബയോഗ്യാസ് വൈദ്യുതി ഉദ്പാദനത്തിനും വിളക്ക് കത്തിക്കുന്നതിനും പാചകത്തിനും ഉപയോഗിക്കാം.
അശാസ്ത്രീയമായ വീടു നിര്‍മ്മാണം മൂലം നദികളുടേയും പ്രകൃതിദത്തമായ ജലാശയങ്ങളുടേയും വശങ്ങളില്‍ സ്ഥാപിച്ചിട്ടുളള വീടുകളില്‍ നിന്നും മനുഷ്യ വിസര്‍ജ്യം ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ വെളളത്തില്‍ ലയിച്ച് ഗുരുതരമായ ജല മലിനീകരണത്തിന് ഇടയാകും.  എന്നാല്‍ നദികളോടും ജലാശയങ്ങളോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വീടുകളിലെല്ലാം അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിച്ചാല്‍ വിസര്‍ജ്യ വസ്തുക്കളെ യഥാസമയം സംസ്‌കരിക്കുന്നതിനും സംസ്‌കരണം കഴിഞ്ഞ ശേഷം വെളളം മാത്രം പുറത്തേക്ക് ഒഴുക്കി കളയാനും സാധിക്കും.  ഇതിനാല്‍ മനുഷ്യ വിസര്‍ജ്യം നേരിട്ട് നദികളിലേക്ക് എത്തിചേരുന്നത് പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുന്നു.
പുതിയ സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവം ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായകമാണെന്ന കാര്യത്തില്‍ സന്ദേഹമില്ല.  ഇലക്‌ട്രോണിക് അഥവാ ആട്ടോമാറ്റിക് കക്കൂസുകള്‍ രൂപകല്‍പ്പന ചെയ്താലും അവയോടൊപ്പമുളള സെപ്റ്റിക് ടാങ്കുകള്‍ പ്രാചീനമായിരുന്നാല്‍ അവയില്‍ നിന്നും അന്തരീക്ഷ മലിനീകരണം ഉണ്ടാകും എന്നുളള കാര്യത്തില്‍ സന്ദേഹമില്ല.  ഈ അപാകത പരിഹരിക്കുന്നതില്‍ ബയോടെക് വികസിപ്പിച്ചെടുത്ത അനൈറോബിക് സെപ്റ്റിക് ടാങ്കിന് നിര്‍ണായകമായ പങ്കു വഹിക്കാന്‍ സാധിക്കും.  ഏറ്റവും പരിസ്ഥിതി സൗഹൃദമായി രൂപകല്‍പ്പനചെയ്ത  ഈ സെപ്റ്റിക് ടാങ്കില്‍ നിന്നും തുടര്‍ ചെലവുകള്‍ യാതൊന്നുമില്ലാതെ ഹരിത ഊര്‍ജ്ജം (ബയോഗ്യാസ്) ഉത്പാദിപ്പിക്കാന്‍ കഴിയും എന്നുളള സവിശേഷതയുമുണ്ട്.
അനൈറോബിക് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുമ്പോള്‍ പരിസര പ്രദേശം ഏറ്റവും ശുചിത്വമുളളതായി നിലനിര്‍ത്താന്‍ കഴിയും.  പ്രാകൃതമായ സെപ്റ്റിക് ടാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് പരിസ്ഥിതി മലിനീകരണം പൂര്‍ണമായും തടയുന്നതിന് കഴിയും എന്നു മാത്രമല്ല സാധാരണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയും.

എല്ലാ വീടുകളിലും, പൊതു സ്വകാര്യ സ്ഥാപനങ്ങളിലും അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ ഒരു അവശ്യ വസ്തുവാക്കി മാറ്റിയാല്‍ കോടാനുകോടി ജനങ്ങളുടേയും വിസര്‍ജ്യം സംസ്‌കരിക്കുന്നതിലൂടെ ദശലക്ഷകണക്കിന് രൂപയുടെ ജൈവോര്‍ജ്ജവും ദിനംപ്രതി ഉണ്ടാക്കാന്‍ കഴിയും.  ഈ പ്രവര്‍ത്തന ഫലമായി സംസ്‌കരണം കഴിഞ്ഞ വെളളം മാത്രമേ സോക്പിറ്റിലേക്കോ പബ്ലിക് ട്രെനേജ് ലൈനിലേക്കോ ഒഴുകി എത്തുന്നുളളൂ.  ഇത് പബ്ലിക് ട്രെനേജ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നതിന് സഹായിക്കുന്നു.  നഗര പ്രദേശങ്ങളില്‍ ഇത്തരം അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ എല്ലാ സ്ഥലത്തും നിര്‍ബന്ധമാക്കിയാല്‍ ഓരോ സ്ഥലത്തു നിന്നും സംസ്‌കരണം കഴിഞ്ഞ വെളളം മാത്രമേ ഡ്രൈനേജ് പൈപ്പിലേക്ക് ഒഴുകി എത്തുകയും അവിടെ നിന്നും പൊതു മലിനജല സംസ്‌കരണ (STP) പ്ലാന്റിലേക്ക്                 എത്തിചേരുന്നുമുളളൂ.  ഇത്തരത്തില്‍ പ്രാഥമിക സംസ്‌കരണം കഴിഞ്ഞ വെളളം മാത്രം എത്തുന്നത് STP യുടെ പ്രവര്‍ത്തന ക്ഷമത പതിന്‍മടങ്ങ് കൂടുന്നതിന് സഹായകരമായി തീരുന്നു.  മാത്രവുമല്ല  STP യുടെ ദൈനംദിന പ്രവര്‍ത്തനത്തിനു വേണ്ടിവരുന്ന തുടര്‍ ചെലവുകള്‍, വളരെ കുറയുന്നതിനും സാധിക്കുന്നു.  STP യില്‍ നിന്നും സംസ്‌കരണം കഴിഞ്ഞ് പുറത്തേക്ക് വരുന്ന സ്ലഡ്ജിന്റെ അളവും ഇത്തരം പ്ലാന്റുകളില്‍ കുറവായിരിക്കും.  ഇതെല്ലാം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് STP പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യത ലഘൂകരിക്കാനും സഹായിക്കുന്നു.
ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത മിഷന്‍ വിഭാവനം ചെയ്യുന്ന ഏറ്റവും പ്രധാന പദ്ധതിയാണ് ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ എല്ലാവര്‍ക്കും സാനിട്ടേഷന്‍ സൗകര്യം നല്‍കുക എന്നുളളത്.  ആവശ്യാനുസരണം കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്നുളളതാണല്ലോ ഇതിന് ഏറ്റവും കൂടുതല്‍ വേണ്ടി വരുന്നത്.  ഇതിനോടനുബന്ധിച്ച് മതിയായ ഡ്രൈനേജ് സൗകര്യമോ സെപ്റ്റിക് ടാങ്കുകളോ ആവശ്യമാണെന്ന് എടുത്ത് പറയേണ്ടതില്ല.  ഈ പദ്ധതിയില്‍ നിര്‍മ്മിക്കുന്ന കക്കൂസുകളോടനുബന്ധിച്ച് അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ കൂടി നിര്‍മ്മിച്ചാല്‍ ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിനും ബയോഗ്യാസ് ഉത്പാദനം നടത്തുന്നതിനും ഒരേ സമയം സാധിക്കും.
അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണവും ഊര്‍ജ്ജ ആവശ്യങ്ങളും പരിഗണിച്ച് സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും ആവശ്യമായ പ്രോത്സാഹനവും സാമ്പത്തിക സഹായകവും നല്‍കിയാല്‍ ഇപ്പോള്‍ നിലവിലുളളതും പുതുതായി നിര്‍മ്മിക്കുന്നതുമായ എല്ലാ കക്കൂസുകളോനടുബന്ധിച്ചും അനൈറോബിക് സെപ്റ്റിക് ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.  ഇതിനാവശ്യമായ എല്ലാവിധ സാങ്കേതിക സഹായവും നല്‍കി ഈ പദ്ധതി  വിജയകരമാക്കി തീര്‍ക്കാന്‍ ബയോടെക് തയ്യാറാണ്.
120 കോടിയിലധികം ജനസാന്ദ്രതയുളള ഇന്‍ഡ്യ പോലുളള ഒരു രാജ്യത്ത് പ്രതിദിനം എത്ര  മെട്രിക്ടണ്‍ മീതെയിന്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുളളൂ.   ഊര്‍ജ്ജ ഉത്പാദന രംഗത്ത് വലിയൊരളവുവരെ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇത് സഹായിക്കും.
ബയോഗ്യാസ് ശേഖരിച്ച് ഉപയോഗിക്കുന്ന പദ്ധതികള്‍ക്ക് ലഭിക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റ് ഈ പദ്ധതിക്കും നേടി എടുക്കാന്‍ സാധിക്കും.



Comments

  1. My name is Vishnulal.I am a ITI Plumber.I am thinking for researching in this field.But I have some doubts in this.This is a very nice idea.I am trying to do this . Can u plz give me any information about Bioteq...I have some doubts to be cleared. And i want more information about anarobic septic tank

    ReplyDelete

Post a Comment

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ