മാഗി നൽകുന്ന പാഠം

ഇൻഡ്യയിലെ ഒട്ടുമിക്ക വിഭാഗം ജനങ്ങളുടെയും ഇഷ്ട ഭക്ഷണമായിരുന്ന മാഗിയെ ഇന്ന്‌ ജനം വെറുത്തു തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളേയും സ്കൂൾ വിദ്യാർഥികളേയും വളരെ വേഗം സ്വാധീനിക്കത്തക്കവിധത്തിലുള്ള ചടുലമായ പരസ്യങ്ങളുടെ പിന്തുണയോടെ പിപണി അടക്കി വാണിരുന്ന മാഗി നൂഡിൽസ് ഏറെക്കുറെ വിപണിയിൽ നിന്നും പിൻ വലിഞ്ഞ സ്ഥിതിയിലാണ്. പല സംസ്ഥാനങ്ങളിലും നിരോധനം ഏർപ്പെടുത്തുകയും ജനങ്ങളെ സ്വാധീനിക്കത്തക്ക വിധത്തിലുള്ള പരസ്യങ്ങളിൽ അഭിനയിച്ചതു വഴി ഇന്ത്യയിലെ പല പ്രമുഖ  സിനിമാ താരങ്ങൾ അടക്കമുള്ളവർ നിയമനടപടികൾ നേരിടേണ്ട സാഹചര്യവും സംജാതമായിരിക്കുന്നു.

.
 ഇത് ഒരു ഉത്പന്നത്തിന്റെ മാത്രം അവസ്ഥയല്ല. സൂക്ഷമമായി പരിശോധിച്ചാൽ ഇന്ത്യയിൽ വിപുലമായ തോതിൽ വിറ്റഴിയുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളുടെ കാര്യം പരിശോധിച്ചാൽ സ്ഥിതിഗതികൾ ഇതിലും ഗുരുതരമാകാനാണ് സാധ്യത . അതിനുള്ള നടപടികൾ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കാം.  അതിവിപുലമായ പരസ്യത്തിന്റെ പിന്തുണയോടെ വിറ്റഴിക്കപ്പെടുന്ന പനീയങ്ങളും ഭക്ഷ്യവസ്തുക്കളും നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ എന്താണെന്നു പോലും അവ ഉണ്ടാക്കിയ കമ്പനിയിലെ ചുരുക്കം പേർക്കല്ലാതെ    മറ്റാർക്കും വ്യക്തമായ അറിവുണ്ടെന്നു തോന്നുന്നില്ല. രഹസ്യ ചേരുവകകൾ കൊണ്ടുണ്ടാക്കിയത്  എന്ന അവകാശവാദത്തോടെ വിപണി അടക്കിവാഴുന്ന പല ശീതള പാനീയങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്.  സമീപകാലത്ത് ഒരു പ്രമുഖ ബഹുരാഷ്ട്ര കമ്പനിയുടെ ശീതള പാനീയം ഉപയോഗിച്ച് ഒരു തുരുമ്പിച്ച ഷീറ്റിൽ നിന്നും തുരുമ്പ് അനായാസം നീക്കം ചെയ്യുന്ന വീഡിയോ കാണുവാൻ ഇടയായി.

 രഹസ്യ ചേരുവകകൾ ചേർത്തുണ്ടാക്കുന്ന ഇത്തരം ഉത്പന്നങ്ങളോടൊപ്പം ഒരു പ്രാവശ്യം ഉപയോഗിക്കുന്നവർ വീണ്ടും ആ ഉത്പന്നം ഉപയോഗിക്കാൻ ആർത്തി കാണിക്കത്തക്കവിധത്തിലുള്ള പല വസ്തുക്കളും ചേർക്കുന്നതായും മനസിലാക്കാം.

 പൂർണമായും രാസവസ്തുക്കൾ മാത്രം
ചേർത്തുണ്ടാക്കുന്ന പാനീയങ്ങൾ പഴവർഗ്ഗങ്ങളുടെ പേരിലും രുചിയിലും നിർമ്മിക്കുന്നതും ഗുണഭോക്താക്കളെ ചൂഷണം ചെയ്യാൻ വേണ്ടി തന്നെയാണ്.ഇൻഡ്യയിൽ പ്രതിവർഷം വിറ്റഴിക്കപ്പെടുന്ന പല ഭക്ഷ്യവസ്തുക്കളുടെയും ആരോഗ്യ സംരക്ഷണ വസ്തുക്കളുടെയും വ്യാപ്തി നോക്കുമ്പോൾ അവയുടെ  നിർമ്മാണത്തിന് പര്യാപ്തമായ അളവിലുള്ള അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നില്ല എന്നും മനസിലാക്കാം. അതിന് പകരമായി വിവിധ തരം രാസവസ്തുക്കൾ ഉപയോഗിച്ച് പഴ വർഗങ്ങളുടെ രുചിയും മണവും നൽകി വിപണനം ചെയ്തു വരുന്നു.

 പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഒരു സംവിധാനമാണല്ലോ നമുക്കുള്ളത്. ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട് എന്നു മുന്നറിയിപ്പ് ലഭിച്ചാൽ പോലും അനങ്ങാപാറ നയമാണ് ഉത്തരവാദിത്വപ്പെട്ടവർ കൈക്കൊണ്ടു വരുന്നത്.
ഇപ്പോൾ ഉണ്ടായിരിക്കുന്ന കണ്ടെത്തലുകൾ വളരെ നേരത്തേ മനസിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിനും ആരും തയ്യായില്ല.

തയ്യാറാക്കിയ ഭക്ഷണ വസ്തുക്കളിൽ മാത്രമല്ല നിത്യ ജീവിതത്തിൽ അഭിവാജ്യഘടകമായ പച്ചക്കറികളുടെ കാര്യം പരിശോധിച്ചാലും  അവയും വിഷമയമാണെന്ന് മനസിലാക്കാൻ കഴിയും. വെത്യസ്ഥങ്ങളായ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിൽ കർശന പരിശോധന നടത്തുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചില്ല എങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ അതീവ ഗുരുതരമായിരിക്കും.

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ