സമ്പൂര്‍ണ്ണ ശുചിത്വം യാഥാര്‍ഥ്യമാക്കാന്‍ [ഭാഗം ഒന്ന് ]

സമ്പൂര്‍ണ്ണ ശുചിത്വം യാഥാര്‍ഥ്യമാക്കാന്‍ [ഭാഗം  ഒന്ന് ]


ഒരു  പ്രദേശം മാലിന്യ രഹിത      മേഘലയായി [ സീറോ വേസ്റ്റ്] പ്രഖ്യാപിക്കണമെങ്കിൽ കാര്യക്ഷമമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ  ആവശ്യമാണല്ലോ .    മാലിന്യ സംസ്കരണത്തിൽ  പ്രാധമിക പരിഗണന നൽകേണ്ടത് ജൈവ മാലിന്യ സംസ്കരണത്തിനാണ് .  പൂർണമായ ജൈവ മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കണമെങ്കിൽ വിവിധ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സംയോജിത മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ മാലിന്യങ്ങളുടെ   ഉറവിടങ്ങളിൽ തന്നെ നടപ്പാക്കുന്നതാണ് ലാഭകരം. സംയോജിത മാലിന്യ സംസ്കരണം എന്നാൽ  ബയോ ഗ്യാസ് , ബയോ കമ്പോ സ്റ്റിംഗ് , ബയോ ഇൻസിനറേഷൻ എന്നിങ്ങനെ മാലിന്യങ്ങളുടെ ലഭ്യതക്കും  ഘടനക്കും അനുയോജ്യമായ വിവിധ സാങ്കേതിക വിദ്യകൾ ഒരുമിച്ച്  പ്രയോജനപ്പെടുത്തുക എന്നുള്ളതത്രേ.  ഇതിനായി മാലിന്യ സംസ്‌ക്കരണത്തിന് സ്വന്തമായി സ്ഥലസൗകര്യമുളള എല്ലാ വീടുകളിലും  സ്ഥാപനങ്ങളിലും സംയോജിത മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രോത്സാഹനമായി സബ്‌സിഡി, നികുതി ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ വളരെവേഗം പദ്ധതിയില്‍ പങ്കാളികളാക്കാന്‍ സാധിക്കും. ഇതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം കൂടാതെ അതാത് പ്രദേശത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുണ്ടെങ്കില്‍ അവരുടെ CSR ഫണ്ട് ഇത്തരം പദ്ധതികള്‍ക്കു വേണ്ടി വിനിയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാവുന്നതാണ്.

സമ്പൂര്‍ണ്ണശുചിത്വത്തിന് ബയോഗ്യാസോ, കമ്പോസ്റ്റിംഗോ, ഇന്‍സിനറേഷനോ  ഉണ്ടെങ്കിലും ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം പരിഗണിച്ചാല്‍പോര. ഓരോ പദ്ധതിക്കും അതിന്റേതായ മേന്‍മകള്‍ ഉണ്ട് എന്ന കാര്യത്തില്‍ സന്ദേഹമില്ല. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒരു പദ്ധതി മാത്രം നടപ്പാ ക്കി എല്ലാ മാലി ന്യങ്ങളും ഒരുമിച്ച് സംസ്കരിക്കാൻ ശ്രമിക്കുന്നത് ഫലപ്രദമായി കണ്ടുവരുന്നുമില്ല.

ആദ്യമായി സംസ്‌ക്കരിക്കപ്പെടേണ്ട മാലിന്യങ്ങളുടെ ഘടന മനസിലാക്കിയതിനു ശേഷം അവയ്ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യ ശുപാര്‍ശ ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യം. ഉദാഹരണമായി വേഗത്തില്‍ ജീര്‍ണ്ണിക്കുന്ന മാലന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ബയോഗ്യാസ് പ്ലാന്റുകളാണ് ഏറ്റവും നല്ലത്. സാവധാനം ജീര്‍ണ്ണിക്കുന്ന മാലന്യങ്ങള്‍ക്ക് കമ്പോസ്റ്റിംഗും വളരെ സാവധാനം ജീര്‍ണ്ണിക്കുന്ന മാലന്യങ്ങള്‍ക്ക് ബയോ ഇന്‍സിനറേഷനും ശുപാര്‍ശ ചെയ്യാവുവന്നതാണ്.

വീടുകളിലും പൊതുസ്ഥാപനങ്ങളിലും മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ മേല്‍ വിവരിച്ച തരത്തിലുളള വിവിധ സംസ്‌ക്കരണ മാര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുളള സംയോജിത പദ്ധതികള്‍ നടപ്പിലാക്കിയാല്‍ സമ്പൂര്‍ണ്ണ മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമായി നടപ്പാക്കാൻ കഴിയും.

സ്വന്തമായി സ്ഥല സൗകര്യം ഇല്ലാത്തവരുടെ മാലിന്യങ്ങള്‍ ശേഖരിച്ച് അവയെ
യഥാസമയം സംസ്‌കരിക്കുന്നതിന് പ്രാദേശികതലത്തില്‍ കേന്ദ്രീക്യത സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാവുന്നതാണ്. ഇതിനാവശ്യമായ പണം മാലിന്യ ഉത്പാദകരില്‍ നിന്നുതന്നെ യൂസര്‍ഫീ ഇനത്തില്‍ ഈടാക്കിയാല്‍ വലിയ സാമ്പത്തിക ഭാരം കൂടാതെ പദ്ധതി നടപ്പാക്കാന്‍ കഴിയും. യൂസര്‍ ഫീസ് ഈടാക്കുന്നതിലൂടെ മൂന്നുവര്‍ഷത്തിനുളളില്‍ പ്ലാന്റിന്റെ നിര്‍മ്മാണ ചെലവ് മുഴുവന്‍ തിരികെ കിട്ടും. ഇക്കാര്യം സംരംഭകരെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ BOT അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ സംരംഭകര്‍ മുന്നോട്ടുവരും. ഇതിലൂടെ മാലിന്യസംസ്‌ക്കരണത്തില്‍ ഒരു പുതിയ സംസ്‌ക്കാരം തന്നെ ഉണ്ടാക്കി എടുക്കാന്‍ സാധിക്കും.

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിടുമ്പോള്‍ സാനിട്ടേഷന്‍ ഒരു പ്രധാന ഘടകമാണല്ലോ. എല്ലാ വീടുകളിലും സ്ഥാപനങ്ങിലും പൊതുസ്ഥലങ്ങളിലും ആവശ്യാനുസരണം ശൗചാലയങ്ങള്‍ പണിയുക എന്നതാണ് ഇതിന് പ്രാധാനമായും ചെയ്യേണ്ടത്. എന്നാല്‍ ശൗചാലയങ്ങളോടനുബന്ധിച്ച് സ്ഥാപിക്കുന്ന സെപ്ട്ടിക് ടാങ്കുകള്‍ പ്രാചീനമാതൃകയിലുളളവയാണ്. ഇവയില്‍ ഉദ്പാദിപ്പിക്കുന്ന വാതകങ്ങള്‍ ഒരു പൈപ്പിലൂടെ അന്തരീക്ഷത്തിലേക്ക് തുറന്നുവിടുന്നതായി കണ്ടുവരുന്നു. ഇത് ഗുരുതരമായ അന്തരീക്ഷമലിനീകരണത്തിന് ഇടയാക്കുന്ന വിവരം അധികമാരും ശ്രദ്ധിക്കാറില്ല. മാത്രമല്ല പൊതുസ്ഥലത്ത് സ്ഥാപിക്കുന്ന കക്കൂസുകളോടനുബന്ധിച്ചുളള സെപ്ട്ടിക് ടാങ്കുകള്‍ പൊട്ടി ഒഴുകുന്നതും ഗുരുതരമായ മലിനീകരണത്തിന് ഇടയാകും. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ ഓരോ കക്കൂസിനോടനുബന്ധിച്ചും അനൈറോബിക് സെപ്ട്ടിക് ടാങ്കുകള്‍ സ്ഥാപിക്കാവുന്നതാണ്. ഇത് മനുഷ്യ വിസര്‍ജ്യം അന്തരീക്ഷമലിനീകരണം കൂടാതെ സംസ്‌ക്കരിച്ചശേഷം വെളളം മാത്രം പുറത്തേക്ക് വിടുന്നതിന് അനൈറോബിക് സെപ്ട്ടിക് ടാങ്കുകള്‍ സഹായിക്കും. തന്നെയുമല്ല സംസ്കരണ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ബയോ  ഗ്യാസ്  ഇന്ധനമായി പ്രയോജനപ്പെടുത്തുകയും ചെയ്യാം.

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിടുമ്പോള്‍ മാലിന്യ സംസ്‌ക്കരണ ത്തോടൊപ്പം പച്ചക്കറിക്യഷിയും മത്സ്യക്യഷിയും പ്രോത്സാഹിപ്പി ക്കാവുന്നതാണ്. കാരണം ജൈവ മാലിന്യ സംസ്‌ക്കരണ ഫലമായി ലഭിക്കുന്ന ജൈവവളം കാര്യമായി വിനിയോഗിക്കുന്നതിന് ഇതിലൂടെ സാധിക്കും .
 ചുരുക്കത്തില്‍ സമ്പൂര്‍ണ ശുചിത്വം ഒരു യാഥാര്‍ത്യമാകുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് ശുചിത്വം മാത്രമല്ല സൗജന്യ  പാചകവാതകം, വൈദ്യുതി, ജൈവപച്ചക്കറി, മല്‍സ്യസമ്പത്ത് എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ്. ഇതിന് മതിയായ ബോധവല്‍ക്കരണം, പ്രദര്‍ശന പ്ലാന്റുകള്‍ സ്ഥാപിക്കുക , പരിശീലന പരിപാടികൾ സംഘടിപ്പിക്കുക എന്നീ പ്രവർത്തനങ്ങളും ആവശ്യമാണ്.              [ തുടരും.....]

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ