മാലിന്യ സംസ്‌കരണംഅറിയുന്നതും അറിയേണ്ടതും'( ഭാഗം ഒന്ന് )


        'മാലിന്യ സംസ്‌കരണംഅറിയുന്നതും അറിയേണ്ടതും'( ഭാഗം ഒന്ന് )

മാലിന്യമുക്ത കേരളത്തിന്
 ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം.


മാലിന്യമുക്ത കേരളം ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ നടക്കുന്ന തീവ്രയത്‌ന പരിപാടികള്‍ തികച്ചും ശ്‌ളാഘനീയം തന്നെ. ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഏറ്റവും അഭികാമ്യമായിരിക്കും എന്നുള്ള കാര്യത്തില്‍ സന്ദേഹമില്ല. ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ ലഭിക്കാവുന്ന സാമൂഹിക സാമ്പത്തിക ഉന്നമന സാദ്ധ്യതകളെക്കുറിച്ചും ശരിയായ ശാസ്ത്രീയ അവലോകനമില്ലാതെ ഈ പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നടത്തുന്ന ഒരു അവലോകനമാണ് ഈ ലേഖനം. മാലിന്യങ്ങളെ അവയുടെ പ്രഭവസ്ഥാനങ്ങളില്‍ സംസ്‌കരിക്കുന്ന പദ്ധതികളാണ് നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമെന്നുള്ള തീരുമാനം തീര്‍ത്തും പ്രായോഗികമായതിനാല്‍ ഈ പദ്ധതി ഒരു വിജയമാക്കി തീര്‍ക്കാന്‍ സാധിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല. എന്നാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുക എന്നുള്ള ആശയം പൂര്‍ണ്ണവിജയമായിത്തീരുന്നതിന് ഈ രംഗത്ത് കഴിഞ്ഞ 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി എന്നുള്ള നിലയ്ക്ക് തിരുവനന്തപുരത്ത്, വഴുതക്കാട്, എം.പി. അപ്പന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക്കിനുള്ള  അനുഭവസമ്പത്ത്  മാലിന്യമുക്തകേരളം  പദ്ധതി വിജയകരമാക്കി തീര്‍ക്കാന്‍  വേണ്ടി ആശ്രാന്ത പരിശ്രമം നടത്തുന്ന  എല്ലാവരുടെയും സത്വര ശ്രദ്ധക്ഷണിച്ചുകൊണ്ട് ചുവടെ ചേര്‍ക്കുന്നു.

ജൈവവാതക സാങ്കേതിക വിദ്യ (Biomethanation Technology)

എല്ലാ തരത്തിലുമുള്ള  ജൈവവസ്തുക്കളും സൂക്ഷ്മാണു ജീവികളുടെ  പ്രവര്‍ത്തന ഫലമായി  വിഘടിച്ച് ജൈവവാതകവും  ജൈവവളവുമായി മാറുന്നു.  ഇത് തുറസ്സായ സ്ഥലങ്ങളിലാവുമ്പോള്‍ മാലിന്യ വിഘടനത്തിലൂടെ  പുറത്തുവരുന്ന വിഷവാതകങ്ങള്‍  പരിസര മലിനീകരണത്തിനും  മനുഷ്യന്‍ ഉള്‍പ്പെടെയുള്ള  എല്ലാ  ജീവജാലങ്ങളുടെയും  ആരോഗ്യത്തിനും  ജീവനും  ഭീഷണിയായിത്തീരുകയും ചെയ്യുന്നു. എന്നാല്‍ ജൈവമാലിന്യങ്ങളെ അന്തരീക്ഷവുമായി സമ്പര്‍ക്കമില്ലാത്ത പ്രത്യേക സംഭരണികളില്‍ നിക്ഷേപിച്ച് പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മാണു ജീവികളുടെ സഹായത്താല്‍ വിഘടിപ്പിച്ച് / സംസ്‌ക്കരിച്ച് അവയില്‍ നിന്നും  സംജാതമാകുന്ന വാതകങ്ങളെ  അന്തരീക്ഷത്തില്‍ ലയിക്കാതെ ശേഖരിച്ച്  പ്രയോജനപ്രദമായി   പാരമ്പര്യേതര ഇന്ധനമാക്കി  ഊര്‍ജ്ജ ഉത്പാദനത്തിന്  ഉപയോഗിക്കാവുന്നതാണ്.

ചരിത്രം

പ്രചീനകാലം മുതല്‍ക്കേ കന്നുകാലി ചാണകം സംസ്‌ക്കരിച്ച്  പാചകത്തിനും  വിളക്ക് കത്തിക്കുന്നതിനും  അനുയോജ്യമായ ഗോബര്‍ ഗ്യാസ് ഉത്പാദനം നടത്താമെന്ന് കണ്ടെത്തുകയും  കന്നുകാലി വളര്‍ത്തലുള്ള നിരവധിപേര്‍  ഗോബര്‍ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കയും ചെയ്തിരുന്നു. ഈ സാങ്കേതിക വിദ്യയുടെ പരിഷ്‌കരിച്ച രൂപമാണ് ഇന്നു കാണുന്ന ജൈവമാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍. വിദേശ രാജ്യങ്ങളില്‍ ഇന്ന് പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ഭീമന്‍ മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു.
ഈ സാങ്കേതിക വിദ്യയുടെ പ്രധാന സവിശേഷത ഇതിന്റെ സഹായത്താല്‍ ഖരമാലിന്യങ്ങള്‍ മാത്രമല്ല മലിനജലവും സംസ്‌കരിക്കാന്‍ കഴിയും എന്നുള്ളതാണ്. മാലിന്യ സംസ്‌കരണഫലമായി ലഭിക്കുന്ന ജൈവവാതകം ആഹാര പാചകം, വൈദ്യുതി ഉത്പാദനം, വാഹനങ്ങള്‍ ഓടിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധനമായി പ്രയോജനപ്പെടുത്താം. ചേരിപ്രദേശങ്ങളിലും പൊതു ഡ്രെയിനേജ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലും പൊതു കക്കൂസുകളുമായി ബന്ധിപ്പിച്ച് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് മനുഷ്യ വിസര്‍ജ്ജ്യവും സംസ്‌കരിക്കാന്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. പ്ലാന്റില്‍ നിക്ഷേപിക്കുന്ന ഖരജൈവമാലിന്യങ്ങളില്‍ 5 മുതല്‍ 10 ശതമാനം വരെ മാലിന്യ സംസ്‌കരണം കഴിഞ്ഞ് ജൈവവളമായും പ്ലാന്റിലെത്തുന്ന ജൈവമലിനജലം അതേ അളവില്‍ ദ്രവജൈവവളമായും പ്ലാന്റില്‍ നിന്നും പുറത്തേയ്ക്ക് വരും. ഇത് എല്ലാത്തരം കാര്‍ഷിക വിളകള്‍ക്കും ജൈവവളമായി ഉപയോഗിക്കാം.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍

3 മുതല്‍ 5 അംഗങ്ങള്‍ വരെയുള്ള വീടുകളിലെ മാലിന്യങ്ങളും മലിനജലവും
(കഞ്ഞിവെള്ളം, മല്‍സ്യ മാംസാദികള്‍ കഴുകുന്ന വെള്ളം) സംസ്‌കരിക്കാന്‍ 1 ഘനമീറ്റര്‍ (1000 ലിറ്റര്‍) വലുപ്പമുള്ള പ്ലാന്റുകള്‍ ആവശ്യമാണ്. ദിവസേന ലഭിക്കുന്ന ഖരമാലിന്യങ്ങളും മലിന ജലവും ഒരു ബക്കറ്റില്‍ / പാത്രത്തില്‍ ശേഖരിച്ച് പ്ലാന്റിലെ മാലിന്യ നിക്ഷേപ അറയില്‍ ഒഴിച്ചുകൊടുത്താല്‍ പ്ലാന്റിനുള്ളിലെ സൂഷ്മാണു ജീവികള്‍ ഇവയെ വിഘടിപ്പിച്ച്  സംസ്‌കരിക്കുന്നു.

ഗാര്‍ഹിക മാലിന്യത്തില്‍ നിന്നും പാചക വാതകം


5 അംഗങ്ങള്‍ വരെയുള്ള വീടുകളിലെ ജൈവ മാലിന്യ മലിനജല സംസ്‌കരണത്തിലൂടെ ഏകദേശം 2 മണിക്കൂറിലധികം ഒരു സ്റ്റൗ പ്രവര്‍ത്തിപ്പിക്കുന്നതിനോ 2 മണിക്കൂര്‍ പെട്രോമാക്‌സ് മാതൃകയിലുള്ള ഒരു വിളക്ക് കത്തിക്കുന്നതിനോ ആവശ്യമുള്ള ജൈവവാതകം ഉണ്ടാക്കാം. സ്വന്തമായി സ്ഥലസൗകര്യം ഇല്ലാത്തവര്‍ക്ക് വീടിന്റെ ടെറസിലോ കാര്‍ഷെഡിലോ ആവശ്യാനുസരണം മാറ്റിവച്ച് ഉപയോഗിക്കാവുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ ഈ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ബയോടെക് വികസിപ്പിച്ചെടത്തിട്ടുണ്ട്.  ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ 30,000 ത്തില്‍പരം വീടുകളില്‍ ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്.

എല്ലാവീട്ടിലും പച്ചക്കറി കൃഷി


ഗാര്‍ഹിക ജൈവമാലിന്യ സംസ്‌കരണ ഫലമായി ലഭിക്കുന്ന ഖര / ദ്രവ ജൈവവളം പ്രയോജനപ്പെടുത്തി എല്ലാ വീട്ടിലും പച്ചക്കറികൃഷി വ്യാപകമായി നടത്താവുന്നതാണ്. ബയോഗ്യാസ് സ്ലറി / ജൈവവളം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ ഗുണമേന്മയുള്ളതും വേഗത്തില്‍ ചീഞ്ഞുപോകാത്തതുമാണ്. രാസവളം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ യാതൊരു ദൂഷ്യഫലങ്ങളുമില്ലാതെ പ്രകൃതിക്ക് ഇണങ്ങിയ സംസ്‌കരണത്തിലൂടെ ലഭിക്കുന്ന സ്ലറി ഉപയോഗിച്ചുള്ള പച്ചക്കറികൃഷി ഒരു ദേശീയ പദ്ധതിയായി നടപ്പാക്കുന്നത് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ രാസവള ഉപയോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മാലിന്യ സംസ്‌കരണത്തോടൊപ്പം മലിനജല സംസ്‌കരണവും

അടുത്ത് ഒരു ലോകമഹായുദ്ധമുണ്ടായാല്‍ അത് ശുദ്ധമായ കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് ആരോ പറഞ്ഞത് അന്വര്‍ത്ഥമാകുന്ന വിധത്തിലാണ് ഇന്ന് ശുദ്ധജല സ്രോതസ്സുകള്‍ വിവിധ കാരണങ്ങളാല്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകളില്‍ നിന്നും ഒഴുകി ശുദ്ധജലസ്രോതസ്സുകളില്‍ എത്തിച്ചേരുന്ന മലിനജലവും അറവുശാലകളില്‍ നിന്നും മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ദിനംപ്രതി ജലസ്രോതസ്സുകളിലേയ്ക്കും പൊതു മലിനജല അഴുക്ക്ചാലുകളിലേയ്ക്കും ഒഴുക്കിവിടുന്ന മലിനജലവും ശുദ്ധജലസ്രോതസ്സുകളെ ഗുരുതരമായി മലിനമാക്കിക്കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ഗാര്‍ഹിക മാലിന്യസംസ്‌കരണ  ബയോഗ്യാസ് പ്ലാന്റുകളുടെ സാദ്ധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇത്തരം പ്ലാന്റുകളുടെ സവിശേഷത ഇതിന്റെ സഹായത്താല്‍ ജൈവമാലിന്യങ്ങള്‍ മാത്രമല്ല മാലിന്യങ്ങളടങ്ങിയ മലിനജലവും സംസ്‌കരിച്ച് ജൈവവളവും പാചകവാതകവുമാക്കി മാറ്റാന്‍ കഴിയുന്നു എന്നുള്ളതാണ്. ഇത്തരത്തില്‍ ഗാര്‍ഹികമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ സഹായത്താല്‍ എല്ലാ വീടുകളിലും ദിനംപ്രതി ഉണ്ടാകുന്ന ജൈവമലിനജലം വീടുകളില്‍ തന്നെ സംസ്‌കരിക്കപ്പെട്ടാല്‍ പൊതു ജലസ്രോതസ്സുകളും ശുദ്ധജലാശയങ്ങളും മലിനീകരിക്കപ്പെടുന്നത് വലിയൊരളവുവരെ നിയന്ത്രിക്കാന്‍ സഹായകമാകും...............( തുടരും )

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ