'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും' (ഭാഗം രണ്ട് )

'മാലിന്യ സംസ്‌കരണം  അറിയുന്നതും അറിയേണ്ടതും'
(ഭാഗം രണ്ട് )
മാലിന്യമുക്ത കേരളത്തിന്
 ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം

സംസ്ഥാനത്ത് ഇന്നുള്ള ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ്     
പദ്ധതി നടത്തിപ്പിന്റെ അവലോകനം

ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് മലിനജല സംസ്‌കരണത്തിലും കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും എന്നുള്ള വസ്തുത സൗകര്യമായി വിസ്മരിച്ചുകൊണ്ട് വലുപ്പംകുറഞ്ഞ പ്ലാന്റുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗരേഖകളാണ് ഇന്ന് നിലവിലുള്ളത്. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു വീട്ടില്‍ 2 കിലോഗ്രാമോളം ഖരമാലിന്യങ്ങളും 20 മുതല്‍ 30 ലിറ്റര്‍ വരെ മലിനജലവും പുറംതള്ളപ്പെടുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ 1000 ലിറ്റര്‍ മാലിന്യ സംഭരണ ശേഷിയുള്ള ഒരു ഘനമീറ്റര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഖരമാലിന്യങ്ങളും മലിനജലവും സംസ്‌കരിച്ച് 2 മണിക്കൂര്‍ പാചകത്തിനുള്ള ജൈവവാതകം എല്ലാ ദിവസവും ഉണ്ടാക്കി എടുക്കാം എന്നിരിക്കേ വലുപ്പം കുറഞ്ഞ 0.5 ഘനമീറ്റര്‍ പ്ലാന്റുകളും 0.75 ഘനമീറ്റര്‍ പ്ലാന്റുകളും ഗുണഭോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്ത് യഥാര്‍ത്ഥത്തില്‍ ലഭിക്കാമായിരുന്ന പാചക ഇന്ധനത്തിന്റേയും മലിനജല സംസ്‌കരണത്തിന്റേയും സദ്ധ്യത സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കേണ്ട പല ഏജന്‍സികളും ചെയ്തുവരുന്നത്. യഥാര്‍ത്ഥത്തില്‍ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ മതിയായ വലുപ്പത്തിലുള്ള പ്ലാന്റുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കാത്ത വിധത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് തികച്ചും ദു:ഖകരമായ സംഗതിയാണ്.
1998ല്‍ ഗാര്‍ഹിക മാലിന്യ സംസ്‌കരണ പ്ലാന്റുകളും 2007ല്‍ പോര്‍ട്ടബിള്‍ പ്ലാന്റുകളും വികസിപ്പിച്ചെടുത്തതിന് കേന്ദ്ര സര്‍ക്കാരിന്റെ ബൗദ്ധിക സ്വത്തവകാശ വകുപ്പില്‍ നിന്നും പേറ്റന്റ് ലഭിച്ച ഫ്‌ളോട്ടിംഗ് ഡൂം പോര്‍ട്ടബിള്‍ പ്ലാന്റുകള്‍ ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസ് ആണ് വികസിപ്പിച്ചെടുത്തത്. ദീര്‍ഘകാലമായി 32,000ത്തില്‍പരം പ്ലാന്റുകള്‍ സ്ഥാപിച്ചതില്‍ നിന്നും ലഭിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ വലുപ്പംകുറഞ്ഞ പ്ലാന്റുകള്‍ ഗുരുതരമായ പരിസ്ഥിതി മലിനീകരണവും ദുര്‍ഗന്ധവും ഉണ്ടാക്കുന്നു എന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്.
വലുപ്പം കുറഞ്ഞ പ്ലാന്റുകള്‍ക്ക് ശുപാര്‍ശചെയ്യുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പിന്‍വലിച്ച് കാലോചിതമായി ശാസ്ത്രീയമായി പരിഷ്‌കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിയാല്‍ മാത്രമേ ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍ ജനകീയമായി അംഗീകരിക്കപ്പെട്ട ഒരു ഉപകരണമായി പൊതുജനം സ്വീകരിക്കുകയുള്ളൂ.
കുടുംബശ്രീ - ഇതര സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം
എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ ഇന്ന് മാലിന്യ ശേഖരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനവും വരുമാനവും കുറയും എന്ന ഒരു മിഥ്യാധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ നഗരങ്ങളിലെ വീടുകളില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളുടെ പ്രവര്‍ത്തിപ്പിക്കലും പരിപാലനവും പച്ചക്കറി കൃഷിയുടെ വ്യാപന ചുമതലയും കുടുംബശ്രീ / ഇതര സന്നദ്ധസംഘടനകള്‍ക്ക് ഏറ്റെടുത്ത് നടത്താവുന്നതാണ്. ഇതിലൂടെ ഇനിയും ലക്ഷക്കണക്കിന് പ്രാദേശിക തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍  കഴിയും.

പൊതു സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണം

ക്യാന്റീനുകള്‍, ആശുപത്രികള്‍, കല്യാണ മണ്ഡപങ്ങള്‍, ഹോട്ടലുകള്‍ ഫ്‌ളാറ്റുകള്‍ തുടങ്ങി അധികം മാലിന്യം ഉത്പാദിപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും ജൈവമാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടത്തുന്നതിനും പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കുന്നതിനും  പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനും അനന്തമായ സാദ്ധ്യതയുണ്ട്. ഇത്തരത്തില്‍ പൊതു സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്‌കരണ വൈദ്യുതി ഉത്പാദന ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ പ്ലാന്റില്‍ തന്നെ ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ഉപയോഗിച്ച് പ്ലാന്റിലെ എല്ലാ യന്ത്രോപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകവഴി മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ തുടര്‍ പ്രവര്‍ത്തനത്തിന് വേണ്ടിവരുന്ന ഭീമമായ വൈദ്യുതി ചാര്‍ജ്ജ് ലാഭിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു. ഇത്തരം പ്ലാന്റുകള്‍ക്ക് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തില്‍ നിന്നും ഒരു കിലോ വാട്ട് വൈദ്യുതി ഉത്പാദനത്തിന് 40,000/- രൂപ എന്നക്രമത്തില്‍ സബ്‌സിഡിയും ലഭിക്കുന്നു. എന്നാല്‍ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം പ്രത്യേക പ്രാധാന്യം നല്‍കി നടപ്പാക്കുന്ന ഈ പദ്ധതി പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന നയമാണ് പദ്ധതി നടത്തിപ്പിന് ചുമതലയുള്ള ഏജന്‍സികള്‍ അനുവര്‍ത്തിച്ച് വരുന്നത്.

മാര്‍ക്കറ്റുകളിലും അറവുശാലകളിലും പ്ലാന്റുകള്‍


മാലിന്യങ്ങള്‍ പുറം തള്ളുന്ന കാര്യത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് മാര്‍ക്കറ്റുകളും അറവുശാലകളുമാണല്ലോ, ഇവിടങ്ങളിലെ ജൈവമാലിന്യ സംസ്‌കരണത്തിലൂടെ പ്രാദേശികമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിളക്കുകള്‍ കത്തിക്കുന്നതിനും ഇതേ വൈദ്യുതി ഉപയോഗിച്ച് സംസ്‌കരണ പ്ലാന്റിലെ യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കഴിയുന്നു.

കേരളത്തിലെ ആദ്യത്തെ മാലിന്യസംസ്‌കരണ 
വൈദ്യുതി ഉത്പാദന ബയോഗ്യാസ് പ്ലാന്റ്

കേരളത്തില്‍ ആദ്യമായി ഒരു മാലിന്യ സംസ്‌കരണ വൈദ്യുതി ഉത്പാദന
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത് 2002ല്‍ ബയോടെക്കിന്റെ നേതൃത്വത്തിലാണ്. ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ കൊല്ലം ജില്ലയിലെ പത്തനാപുരം ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റില്‍ സ്ഥാപിച്ച ഈ പ്ലാന്റ് കഴിഞ്ഞ 9 വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. ജൈവവാതക സാങ്കേതിക വിദ്യ മാലിന്യ സംസ്‌കരണത്തിന് യഥായോഗ്യം പ്രയോഗിച്ചാല്‍ ഫലപ്രദമായി മാലിന്യ സംസ്‌കരണം നടത്തി പരിസ്ഥിതി സംരക്ഷണം കൈവരിക്കാന്‍ കഴിയും എന്നതിനുള്ളതിന് ഉത്തമ ഉദാഹരണമാണ് പത്തനാപുരം ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റിലെ ബയോടെക് ബയോഗ്യസ് പ്ലാന്റ്.

മാര്‍ക്കറ്റ്തല ബയോഗ്യാസ് പ്ലാന്റുകളുടെ
 കേരളത്തിലെ നിലവിലുള്ള അവസ്ഥ

ബയോടെക് സ്ഥാപിച്ച പത്തനാപുരം ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റിലെ ആദ്യത്തെ പ്ലാന്റിന്റെ വിജയകരമായ പ്രവര്‍ത്തനം കണ്ടതിനെതുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചുകൊടുക്കാന്‍ ഈ രംഗത്ത് കടന്നുവരുകയും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയ നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ആവശ്യമായ പ്രവര്‍ത്തന പരിചയമില്ലാത്ത  ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിച്ച പ്ലാന്റുകളില്‍ 90 ശതമാനത്തിലധികവും പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന അവസ്ഥായാണ് ഇന്ന് സംസ്ഥാനത്തുടനീളം കാണുന്നത്. എന്നു മാത്രമല്ല ഈ പ്ലാന്റുകളില്‍ നിന്നും പ്രതിദിനം ടണ്‍ കണക്കിന് മീഥൈയിന്‍ അടങ്ങിയ ബയോഗ്യാസ് അന്തരീക്ഷത്തിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വ്യാപിക്കുകയും  ചെയ്യുന്നു.
ഇത്തരം പ്ലാന്റുകള്‍ പരാജയമാകാന്‍ പ്രധാന കാരണം  ഇവയുടെ രൂപകല്‍പനയിലെ പോരായ്മകളാണ്. മനുഷ്യ വിസര്‍ജ്ജ്യവും കന്നുകാലിചാണകവും സംസ്‌കരിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത ഫിക്‌സഡ് ഡൂം മാതൃകയിലുള്ള ഇത്തരം പ്ലാന്റുകള്‍ ജൈവമാലിന്യ സംസ്‌കരണത്തിനായി ഉപയോഗിച്ചപ്പോള്‍ പ്ലാന്റില്‍ സംസ്‌കരണം കഴിഞ്ഞ മാലിന്യങ്ങള്‍ യഥാസമയം പ്ലാന്റില്‍ നിന്നും പുറംതള്ളപ്പെടാതെ പ്ലാന്റിനുള്ളില്‍ തങ്ങിനിന്നതിനാല്‍ തുടര്‍ച്ചയായി ദിനംപ്രതി മാലിന്യങ്ങള്‍ പ്ലാന്റില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. നിര്‍മ്മാണ ചെലവ് ചുരുക്കാന്‍ വേണ്ടി വലുപ്പം കുറഞ്ഞ പ്ലാന്റുകള്‍ സ്ഥാപിച്ച് പ്ലാന്റിന്റെ സംസ്‌കരണ ശേഷിയില്‍ കവിഞ്ഞ മാലിന്യങ്ങള്‍ ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചതും മറ്റൊരു പരാജയകാരണമാണ്.


മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ ഏല്‍പ്പിക്കുന്ന ഏജന്‍സികള്‍ക്ക് മതിയായ സാങ്കേതിക പരിജ്ഞാനമോ പ്രവര്‍ത്തി പരിചയമോ ഉണ്ടോയെന്ന് പരിശോധിക്കാതെ തുക കുറഞ്ഞ ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍മ്മാണ ചുമതല നല്‍കുന്നതും ഒരു പരാജയകാരണമാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കൊല്ലം കോര്‍പ്പറേഷനിലെ മാര്‍ക്കറ്റുകളിലും അറവുശാലകളിലും സ്ഥാപിച്ച പ്ലാന്റുകള്‍. ബയോടെക് കൊല്ലം കോര്‍പ്പറേഷനിലെ വിവിധ സ്ഥലങ്ങളില്‍  സാദ്ധ്യതാപഠനം നടത്തി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച തുകയുടെ പകുതി തുകയ്ക്ക് ടെന്‍ഡര്‍ തരപ്പെടുത്തിയ ഏജന്‍സി സ്ഥാപിച്ച പ്ലാന്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനരഹിതമായി തീര്‍ന്നത് ഒരു ഉദാഹരണം മാത്രം. ഇതേ അവസ്ഥയാണ് കൊച്ചികോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥാപിച്ച പല പ്ലാന്റുകള്‍ക്കുമുള്ളത്.

ഈ രംഗത്തെ കള്ള നാണയങ്ങള്‍

ജൈവ മാലിന്യ സംസ്‌കരണ ബയോഗ്യാസ് പദ്ധതി ഒരു വന്‍ ബിസിനസ് സാദ്ധ്യതയായി കണക്കാക്കി നിരവധിപേര്‍ ഈ രംഗത്ത് കടന്നുവരുന്നുണ്ട്. ഇതില്‍ അധിക പങ്കും ഈ സാങ്കേതികവിദ്യയുമായി വിദൂര ബന്ധമോ യാതൊരു മുന്‍പരിചയമോ ഇല്ലാത്തവരാണ്. എങ്ങനെയും കുറച്ചു പണമുണ്ടാക്കാനുള്ള തത്രപ്പാടില്‍ ഗുണമേന്മകുറഞ്ഞതും വലുപ്പം കുറഞ്ഞതുമായ പ്ലാന്റുകള്‍ ഉണ്ടാക്കി ഗുണഭോക്താക്കളെ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനുള്ള സമഗ്ര നിയമ നിര്‍മ്മാണം നടപ്പാക്കിയില്ല എങ്കില്‍ സമീപഭാവിയില്‍ പ്രവര്‍ത്തന രഹിതമായ പ്ലാന്റുകളുടെ ഒരു നീണ്ടനിരതന്നെ സംസ്ഥാനത്തുടനീളമുണ്ടാകും...........................( തുടരും )


Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ