ബയോടെക് - ബയോ കമ്പോസ്റ്റര്‍
ബയോടെക് - ബയോ കമ്പോസ്റ്റര്‍
പ്രകൃതിക്കിണങ്ങിയ ഒരു ജൈവ മാലിന്യ സംസ്കരണ സംവിധാനം
നാര് അധികമുള്ള ജൈവ മാലിന്യങ്ങൾ മാത്രം സംസ്കരിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തത്
ജൈവമാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യകള്‍ ലഭ്യമല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ലഭ്യമാകുന്ന ഏതൊരു സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താൽ ശ്രമിക്കുന്ന ഒരു സാഹചര്യം സാംജാതമാകുന്നു. അത്തരത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ച ഒരു മാലിന്യ സംസ്‌കരണ മാര്‍ഗ്ഗമാണ് പൈപ്പ് കമ്പോസ്റ്റിംഗ്. എന്നാല്‍ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയ ഏകദേശം എല്ലാ സ്ഥലങ്ങളിലും ഒരു പരാജയമായി തീരുകയായിരുന്നു. പൈപ്പ് കമ്പോസ്റ്റില്‍ നിന്നും പുഴുക്കളും വിരകളും പുറത്തേക്കു വരുന്നു , ദുര്‍ഗന്ധം വമിക്കുന്നു, മലിനജലം പുറത്തേക്ക് ഒഴുകുന്നു തുടങ്ങിയ നിരവധി പോരായ്മകളാണ് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചവര്‍ക്ക് പറയാനുണ്ടായിരുന്നത്.
ഒരു വീട്ടില്‍ ഉണ്ടാകുന്ന എല്ലാ തരത്തിലുമുള്ള ജൈവ മാലിന്യങ്ങളും സംസ്കരിക്കാൻ പൈപ്പ് കമ്പോസ്റ്റ് മാത്രമായി സ്ഥാപിച്ചാല്‍ അത് ഒരു പരാജയം ആയിത്തീരും എന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഏതൊരു സാങ്കേതികവിദ്യയേയും പോലെ പൈപ്പ് കമ്പോസ്റ്റിനും ഗുണങ്ങളും പരിമിതികളും ഉണ്ട്. ഓരോ വീട്ടിലും ബയോഗ്യാസ് പ്ലാന്റിനോടൊപ്പം ഉപയോഗിക്കാവുന്ന ഒരു സപ്പോര്‍ട്ടിംഗ് ഡിവൈസ് ആയി പൈപ്പ് കമ്പോസ്റ്റ് ഉപയോഗിച്ചാൽ ഇത് മേൽവിവരിച്ച പോരായ്മകൾ ഒന്നും ഇല്ലാതെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി കാണുന്നു.
പൈപ്പ് കമ്പോസ്റ്റര്‍ ശരിയായി ഉപയോഗിക്കാന്‍ സഹായകരമായ ഏതാനും കാര്യങ്ങള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ബയോടെക് രൂപകല്‍പ്പന ചെയ്ത പൈപ്പ് കമ്പോസ്റ്റ് അഥവാ ബയോ കമ്പോസ്റ്റര്‍ ഏറ്റവും ചെലവു കുറഞ്ഞതും തുടര്‍ പരിപാലന ചെലവ് തുശ്ചവുമായ ഒരു മാലിന്യ സംസ്‌കരണ സംവിധാനമാണ്.
ബയോ കമ്പോസ്റ്ററിന്റെ പ്രധാന ഭാഗങ്ങള്‍
6 ഇഞ്ചു മുതല്‍ 8 ഇഞ്ചു വരെ വ്യാസവും ഒരു മീറ്റര്‍ നിളവുമുളള രണ്ട് പൈപ്പുകളും ഇവ ഉറപ്പിക്കാന്‍ പാകത്തിലുളള രണ്ട് ചെടിചട്ടികളും പൈപ്പുകളുടെ മേൽ ഭാഗം അടച്ചു സൂക്ഷിക്കുന്നതിനുളള സ്റ്റെയിന്‍ലസ് സ്റ്റീല്‍ നിര്‍മ്മിതമായ രണ്ട് മേല്‍മൂടിയും ചേര്‍ന്നതാണ് ഒരു ബയോകമ്പോസ്റ്റര്‍ യൂണിറ്റ്.
ബയോകമ്പോസ്റ്ററില്‍ സംസ്‌കരിക്കാവുന്ന മാലിന്യങ്ങള്‍
സാവധാനം ജീര്‍ണിക്കുന്നതും നാര് അധികം അടങ്ങിയതുമായ പച്ചക്കറിയുടെ അവശിഷ്ടം, ഉളളിതോട്, നാരങ്ങ തൊണ്ട്, മുട്ടത്തോട്, ഉണങ്ങാത്ത സസ്യ അവശിഷ്ടങ്ങള്‍, പച്ച ചക്കയുടെ അവശിഷ്ടം, കൈതചക്കയുടെ അവശിഷ്ടം, പച്ചക്കറി ചെടികളുടെ അവശിഷ്ടം, പച്ചപുല്ല് തുടങ്ങിയവ സംസ്‌കരിക്കുന്നതിന് ഏറ്റവും അനുയോജ്യo
ബയോകമ്പോസ്റ്ററില്‍ സംസ്‌കരിക്കാന്‍ പാടില്ലാത്ത മാലിന്യങ്ങള്‍
പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസ അവശിഷ്ടം, പഴവര്‍ഗ്ഗങ്ങളുടെ അവശിഷ്ടം തുടങ്ങി വളരെ വേഗം ജീര്‍ണിച്ച് ദുര്‍ഗന്ധം ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ ബയോകമ്പോസ്റ്ററില്‍ നിക്ഷേപിക്കാന്‍ പാടില്ല. വേഗത്തില്‍ ജീര്‍ണിക്കുന്ന മാലിന്യങ്ങള്‍ ബയോകമ്പോസ്റ്ററില്‍ നിക്ഷേപിച്ചാല്‍ ദുര്‍ഗന്ധം വമിക്കുന്നതിനും കമ്പോസ്റ്ററിനുളളില്‍ നിന്നും പുഴുക്കളും വിരകളും പുറത്തേക്ക് വരുന്നതിനും മലിന ജലം ദുർഗന്ധത്തോടുകൂടി പുറത്തേക്ക് ഒഴുകുന്നതിനും ഇടയാകുന്നു.
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുളള വീടുകളില്‍ അതിനോടനുബന്ധിച്ച് ഒരു ബയോടെക് ബയോകമ്പോസ്റ്റര്‍ കൂടി സ്ഥാപിച്ച് ഉപയോഗിക്കുന്നതണ് ഏറ്റവും ഉചിതം. കാരണം വേഗത്തില്‍ ജീര്‍ണിക്കുന്ന മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലും സാവധാനം ജീര്‍ണിക്കുന്ന മാലിന്യങ്ങള്‍ ബയോകമ്പോസ്റ്ററിലും നിക്ഷേപിക്കുന്നതിലൂടെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത പല മടങ്ങ് വര്‍ദ്ധിക്കുന്നതായും കണ്ടു വരുന്നു. ഇപ്രകാരം ഗാർഹിക മാലിന്യ സംസ്കരണ ബയോ ഗ്യാസ് പ്ലാൻറും അതിനോടൊപ്പം ഒരു ബയോ കമ്പോസ്റ്ററും ഒരുമിച്ച് സ്ഥാപിച്ച് പ്രവർത്തിപ്പിച്ചാൽ ബയോ ഗ്യാസ് പ്ലാന്റിൽ സംസ്കരണം കഴിഞ്ഞ നാര് അധികമുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാൻ കഴിയും . അതായത് ബയോ ഗ്യാസ് പ്ളാന്റ് മാത്രമുള്ള വീട്ടീൽ 5 വർഷം കൂടുമ്പോൾ ബയോ ഗ്യാസ് പ്ളാന്റ് ക്ലീൻ ചെയ്യേണ്ടി വരുന്നു എങ്കിൽ ബയോ കമ്പോസ്റ്റർ കൂടി സ്ഥാപിച്ചിട്ടുളള വീട്ടിൽ ഇത് എട്ടോ പത്തോ വർഷത്തിൽ ഒരിക്കൽ മതിയാകും .
ബയോ കമ്പോസ്റ്റര്‍ ഉപയോഗിക്കേണ്ട വിധം
സാധാരണയായി രണ്ടു ബയോകമ്പോസ്റ്ററുകളാണ് ഓരോ വീട്ടിലും സ്ഥാപിക്കുന്നത്. ഒരു സമയം ഒരു ബയോകമ്പോസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലാണ് ഇതിന്റെ രൂപ കല്‍പ്പന. മണ്ണില്‍ കുഴിച്ചു നിര്‍ത്തിയോ ഭാഗികമായി മണ്ണു നിറച്ച ചെടിച്ചട്ടിയില്‍ കുത്തനെ നിര്‍ത്തിയോ ബയോകമ്പോസ്റ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാം. ഓരോ ദിവസവും ലഭിക്കുന്ന സാവധാനം ജീര്‍ണിക്കുന്ന ജൈവമാലിന്യങ്ങള്‍ ഒരു പാത്രത്തില്‍ ശേഖരിച്ച് ബയോകമ്പോസ്റ്ററില്‍ നിക്ഷേപിക്കാം. ഇതില്‍ ആഴ്ചയില്‍ ഒരിക്കല്‍ കുമ്മായം ഇട്ടു കൊടുക്കുന്നത് കമ്പോസ്റ്ററിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിന് സഹായിക്കുന്നു. ചാണക ലായനി ലഭ്യമാണെങ്കിൽ അതുംകുമ്മായത്തിനു പകരം ഉപയോഗിക്കാം . ബയോ കബോസറിന്റെ മേൽമൂടി മാലിന്യം നിക്ഷേപിക്കേണ്ട സമയത്ത് തുറക്കുകയും മാലിന്യം നിക്ഷേപിച്ചു കഴിഞ്ഞാൽ അടച്ചു സൂക്ഷിക്കുകയും വേണം . നാലോ അഞ്ചോ അംഗങ്ങളുളള ഒരു വീട്ടില്‍ ആദ്യത്തെ ഒരു കമ്പോസ്റ്റര്‍ നിറയുന്നതിന് 60 മുതല്‍ 90 ദിവസം വരെ വേണ്ടി വരും. ഒന്നാമത്തെ കമ്പോസ്റ്റര്‍ നിറഞ്ഞു കഴിഞ്ഞാല്‍ അത് അടച്ചു സൂക്ഷിച്ച ശേഷം അടുത്ത കമ്പോസ്റ്ററില്‍ മാലിന്യ നിക്ഷേപം തുടരുക. രണ്ടാമത്തേത് നിറയുന്ന സമയത്തിനുളളില്‍ ഒന്നാമത്തെ കമ്പോസ്റ്ററിലെ മാലിന്യം പൂര്‍ണമായും ദ്രവിച്ച് ജൈവവളമായി മാറിയിരിക്കും. ഇത് ഒരു പാത്രത്തിലോ ചാക്കിലോ ശേഖരിച്ച് പച്ചക്കറി കൃഷിക്കോ മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കോ പ്രയോജനപ്പെടുത്താം.
ബയോ കബോസ്റ്റർ സ്ഥാപിക്കുന്നതിനുള്ള എല്ലാ വിധ സഹായവും ബയോടെക്കിൽ ലഭ്യമാണ്. www.biotech-india.org
Comments
Post a Comment