പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം
പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം
അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളെ യഥാസമയം സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ ഇവ ജീര്‍ണിച്ച് ഇവയില്‍ നിന്നുണ്ടാകുന്ന മലിനജലം ശുദ്ധജലവുമായി കലര്‍ന്നുണ്ടാകുന്ന ജല മലിനീകരണം തടയുന്നതിനും ക്ഷുദ്രജീവികളുടെ വ്യാപനവും അവ പരത്തുന്ന പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാനും കഴിയും.. പാതയോരത്തും പൊതുസ്ഥലത്തും നിക്ഷേപിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കേന്ദ്രീകൃത സംസ്‌കരണ പ്ലാന്റുകളില്‍ കുന്നുകൂട്ടിയിടുന്ന മാലിന്യങ്ങളില്‍ നിന്നും മാലിന്യകൂമ്പാരങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പുറംതള്ളുന്ന മലിനജലത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വിഷവാതകങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമായിതീരുന്നു. ഇത് ആഗോളതാപഉയര്‍ച്ചക്കും അതിന്റെ ഭലമായുണ്ടാകുന്ന ഓസോണ്‍ പാളികളുടെ ശോഷണത്തിനും കാലാവസ്ഥാവ്യതിയാനത്തനും കാരണമായിത്തീരുന്നു.
മാലിന്യങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്ന ഒരു ചിത്രമാണ് മനസ്സില്‍ തെളിയുന്നത്. എങ്ങനെയാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള മാലിന്യങ്ങള്‍ ഉണ്ടാകുന്നത് എന്ന് നോക്കാം. നമ്മുടെ ദൈനംദിന ഭക്ഷണ ആവശ്യങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ ധാന്യങ്ങളും മല്‍സ്യമാംസാദികളും തയ്യാറാക്കുമ്പോള്‍ ഉപയോഗശൂന്യമാകുന്ന വസ്തുക്കളെ ഒരു സ്ഥലത്ത് പ്രത്യേകമായി കൂട്ടിയിടുന്നു. അതുപോലെ ഭക്ഷണം കഴിഞ്ഞ് അവശേഷിക്കുന്ന
വസ്തുക്കളെയും ഒരുമിച്ച് ശേഖരിക്കുന്നു. ഈ അവസരത്തില്‍ ഇവക്ക് എന്തെങ്കിലും ദുര്‍ഗന്ധം ഉണ്ടോ. ഇല്ലായെന്ന് എല്ലാവരും നിസംശയം പറഞ്ഞേക്കും എന്നാല്‍ എപ്പോഴാണ് ഇവയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാക്കുന്നതെന്ന് പരിശോധിക്കാം. ഉപയോഗശൂന്യമാകുന്ന ജൈവവസ്തുക്കള്‍ ഒരുമിച്ച് സൂക്ഷിക്കുമ്പോള്‍ അവയില്‍ അന്തരീക്ഷത്തില്‍ തന്നെയുള്ള സൂഷ്മാണു ജീവികള്‍ പ്രവര്‍ത്തിച്ച് അവക്ക് ഘടനാവ്യത്യാസം വരുന്നു. അവ വിഘടിച്ച് മലിനജലും വിവിധതരം വാതകങ്ങളും അവയില്‍ നിന്നും ബഹിര്‍ഗമിക്കാന്‍ തുടങ്ങുന്നു. ഭലമോ അല്‍പം മുമ്പ് മാറ്റിവച്ച അവശിഷ്ട വസ്തുക്കള്‍ അല്ലെങ്കില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ ദുര്‍ഗന്ധവും മലിനജലവും വമിക്കുന്നവയായി മാറുന്നു. അല്ലെങ്കില്‍ അതിന് ഇടയായിത്തീരുന്നു. ദിവസങ്ങളോളം റോഡുവക്കിലും മറ്റ് പൊതുസ്ഥലത്തും കൂട്ടിയിടുന്ന ഇതരജൈവമാലിന്യങ്ങളുടെ അവസ്ഥ പറയേണ്ടതുമില്ല. അത് ഇതിലും ഭീകരമായിരിക്കും.
നമ്മുടെ ഭാരതം ഉള്‍പ്പെടുന്ന ഉഷ്ണമേഘലാ രാജ്യങ്ങളില്‍ ജൈവമാലിന്യങ്ങളില്‍ സൂഷ്മാണു ജീവികളുടെ പ്രവര്‍ത്തനം വളരെ വേഗത്തില്‍ നടക്കുന്ന കാലാവസ്ഥയാണ് നിലവിലുള്ളത്. തണുപ്പ് കൂടുതലുള്ള രാജ്യങ്ങളില്‍ ഈ വിധത്തില്‍ ജൈവ മാലിന്യങ്ങള്‍ ചീഞ്ഞ് നാറുന്നത് വളരെ സാവധാനത്തില്‍ മാത്രമായിരിക്കും. ഇത് കാരണം ഒന്നോരണ്ടോ ദിവസം ജൈവമാലിന്യങ്ങള്‍ ഒരുമിച്ച് ശേഖരിച്ച് വച്ചിരുന്നാലും അവ ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്നില്ല. എന്നാല്‍ ഇന്ത്യയിലെസ്ഥിതി നേരെമറിച്ചാണ്. ഇവിടെ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ അടുത്തദിവസം നോക്കിയാല്‍ ദുര്‍ഗന്ധ പൂരിതമായിരിക്കും.
ആരാണ് ഇതിന് ഉത്തരവാദി? എന്താണ് ഇതിന് കാരണം? എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയും? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഇതിന് പരിഹാരം കാണാന്‍ യാതൊരു പ്രയാസവും ഇല്ല. കാരണം ഇന്ന് നിലവിലുള്ള മാലിന്യ സംസ്‌കരശൈലി എന്താണ്? ഇന്നുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. എന്തുകൊണ്ട് ഈ ശൈലി മാറ്റികൂടാ എന്തിന് ഇന്നുണ്ടാകുന്ന മാലിന്യം നാളെ സംസ്‌കരിക്കണം എന്തുകൊണ്ട് ഇന്നുണ്ടാകുന്ന മാലിന്യം ഇന്ന് തന്നെ സംസ്‌കരിച്ചുകൂടാ. അങ്ങനെ സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ മാലിന്യങ്ങള്‍ അഥവാ ഉപയോഗശൂന്യമായ ഭക്ഷ്യഅവശിഷ്ടം ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയില്ലേ? മാലിന്യങ്ങളില്‍ നിന്നും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നത് എന്നേക്കുമായി തടയാന്‍ കഴിയില്ലേ? അതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ കഴിയുന്നതെന്നുനോക്കാം.
ഓരോദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ആ ദിവസം തന്നെ സംസ്‌കരിക്കുന്നതിന് പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ ശ്രമം ആവശ്യമാണ്. അതിന് അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തേണ്ടതുണ്ട്. പുതിയൊരു മാലിന്യ സംസ്‌കരണ ശൈലി തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്തോ വീടുകളിലോ ശേഖരിച്ചശേഷം അവിടെനിന്നും ഒരു പൊതു സംസ്‌കരണ പ്ലാന്റിലേക്ക് വാഹനങ്ങളില്‍ കൊണ്ടുപോയി സംസ്‌കരിക്കുമ്പോഴുണ്ടാകുന്ന കാലതാമസംകൊണ്ടാണ്ടാണ് ജൈവമാലിന്യങ്ങള്‍ ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്നത്. ഇത് യഥാസമയം സംസ്‌കരിക്കാന്‍ കഴിയാതെ സംസ്‌കരണത്തിന് കാലതാമസം നേരിടുന്നതുകൊണ്ടാണ്. എന്നാല്‍ ഓരോ വീട്ടിലും പൊതുസ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതാതിടങ്ങളില്‍ തന്നെ അവ ഉണ്ടാകുന്ന ദിവസം തന്നെ സംസ്‌കരിക്കാന്‍ സാധിച്ചാല്‍ മാലിന്യങ്ങള്‍ ജീര്‍ണിക്കുന്നതിന് മുമ്പുതന്നെ സംസ്‌കരിക്കാന്‍ സാധിക്കുന്നു .
നമുക്ക് ഒരേ സമയം രണ്ട് പ്രശ്‌നങ്ങളാണ് പരിഹരിക്കപ്പെടേണ്ടത് ഓരോ ദിവസവും ഉണ്ടാകുന്ന ഖരജൈവമാലിന്യ സംസ്‌കരണവും മലിന ജല സംസ്‌കരണവും. ഇതിന് ഏറ്റവും അനുയോജ്യമായത് ജൈവവാതക സാങ്കേതിക വിദ്യയാണ്. ഈ സാങ്കേതിക വിദ്യ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വീടുകളിലും എല്ലാവിധ പൊതുസ്ഥാപനങ്ങളിലും സ്ഥാപിക്കാവുന്നതാണ്. ഈ പ്ലാന്റിന്റെ സഹായത്താല്‍ വേഗത്തില്‍ ജീര്‍ണിക്കുന്ന എല്ലാതരം മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കാവുന്നതാണ്.
ജൈവ മാലിന്യ സംസ്‌കരണം എങ്ങനെ നടക്കുന്നു എന്ന് പരിശോധിക്കാം. വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ജൈവവാതക പ്ലാന്റുകളില്‍ എത്തുന്ന മാലിന്യങ്ങളെ അന്തരീക്ഷവായുവിന്റെ അഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രത്യേക വിഭാഗം ബാക്ടീരിയകള്‍ അഥവാ സൂഷ്മാണു ജീവികള്‍ വിഘടിപ്പിച്ച് ജൈവവാതകവും ജൈവവളവുമാക്കി മാറ്റുന്നു.
ജൈവവാതക സാങ്കേതിക വിദ്യ ഇപ്പോഴുള്ള / ഇന്നത്തെ മാലിന്യ സംസ്‌കരണ പ്രതിസന്ധിതരണം ചെയ്യാന്‍ എങ്ങനെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുമെന്ന് നോക്കാം.
വീടുകളിലെ മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കുന്നതിനുള്ള
ഗാര്‍ഹിക മാലിന്യ സംസ്‌കരണ പ്ലാന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാം. അഞ്ച് അംഗങ്ങള്‍ വരെയുള്ള വീടുകളിലെ മാലിന്യങ്ങളും മലിനജലവും സംസ്‌കരിക്കുന്നതിന് ഒരു ഘനമീറ്റര്‍ വലിപ്പമുള്ള പ്ലാന്റ്
മതിയാകും. ഇത് സ്ഥാപിക്കുന്നതിന് ഏകദേശം ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഏകദേശം 4 മണിക്കൂര്‍ കൊണ്ട് സ്ഥാപിക്കാന്‍ കഴിയുന്ന ഈ പ്ലാന്റിന്റെ ഘടക ഭാഗങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി നിര്‍മ്മിച്ചവയാണ്. സാധാരണ അടുക്കളയോടടുത്ത ഭാഗത്താണ് 4 അടി വ്യാസവും 3 അടി താഴ്ചയുമുള്ള ഒരു കുഴിയെടുത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന് സ്ഥലസൗകര്യം ഇല്ലാത്തവര്‍ക്ക് വീടിന്റെ ടെറസ്സിലും മറ്റുസ്ഥലങ്ങളിലും യഥേഷ്ടം മാറ്റിവച്ച് ഉപയോഗിക്കാവുന്ന പോര്‍ട്ടബിള്‍ പ്ലാന്റുകളും ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്ലാന്റ് സ്ഥാപിച്ചശേഷം കന്നുകാലി ചാണകവും ബയോടെക് കള്‍ച്ചറും പ്ലാന്റില്‍ നിക്ഷേപിച്ച് പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നു. ഇതിന് ശേഷം ദിവസവും വീട്ടില്‍ ലഭിക്കുന്ന ഭക്ഷണ അവശിഷ്ടവും അടുക്കളയില്‍ ഉണ്ടാകുന്ന മലിനജലവും ഒരു ബക്കറ്റില്‍ ശേഖരിച്ച് പ്ലാന്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ട അറയില്‍ ഒഴിച്ചുകൊടുക്കുന്നു. പ്ലാന്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ തന്നെ സംസ്‌കരണം കിഴിഞ്ഞവ പ്ലാന്റില്‍ നിന്നും പുറത്തുവരുന്നു. ഇത് ഒരു പാത്രത്തില്‍ ശേഖരിച്ച് ചെടികള്‍ക്ക് വളമായി ഉപയോഗിക്കാവുന്നതാണ്.
പ്ലാന്റിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവാതകം പ്ലാന്റിലെ വാതക സംഭരണിയില്‍ ശേഖരിക്കപ്പെടുന്നു. ഇത് പൈപ്പ് ലൈന്‍ വഴി അടുക്കളയില്‍ എത്തിച്ച് ഇതിനോടനുബന്ധിച്ച് ഘടിപ്പിച്ചിട്ടുള്ള സ്റ്റൗ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു വീട്ടിലുണ്ടാകുന്ന ജൈവമാലിന്യങ്ങളും മലിനജലവും ഇപ്രകാരം സംസ്‌കരിക്കുന്നതിലൂടെ ആ വീട്ടിലെ 50%ത്തില്‍ അധികം പാചക ആവശ്യത്തിനുള്ള ജൈവവാതകം ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. ഒരിക്കല്‍ സ്ഥാപിച്ചാല്‍ ഏകദേശം 20 വര്‍ഷത്തില്‍ അധികം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഇത്തരം പ്ലാന്റുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാ ദിവസവും മാലിന്യം നിക്ഷേപിക്കണമെന്നോ ഒരു നിശ്ചിത അളവില്‍ മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ പ്ലാന്റ് പ്രവര്‍ത്തിക്കുകയൂള്ളൂ എന്നും ഇല്ല..
ഒരു വീട്ടില്‍ ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ആ വീട്ടില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കേണ്ട ഭാരിച്ച ചുമതലയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുക്തി നേടുന്നതിനും കഴിയുന്നു. ഇത് മനസ്സിലാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗാര്‍ഹിക മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് പ്ലാന്റ് നിര്‍മ്മാണ ചെലവിന്റെ ഒരു നിശ്ചിത തുക സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യം കാണിക്കുന്നു. ഇത്തരത്തില്‍ നിരവധി ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതിനോടകം തന്നെ ധാരാളം പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഏതൊരു ഗുണഭോക്താവിനും അനുയോജ്യമായ വിധത്തില്‍ വ്യത്യസ്ഥങ്ങളായ ഒന്‍പതു മോഡലിലുള്ള ഗാര്‍ഹിക പ്ലാന്റുകള്‍ ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണ ചെലവ് മൂന്നുവര്‍ഷത്തിനുള്ളില്‍ ജൈവവാതകമായും ജൈവവളമായും തിരികെ ലഭിക്കുമെന്നുള്ള സവിശേഷതയും ഈ പ്ലാന്റുകള്‍ക്കുണ്ട്.18500 രൂപ മുതലുള്ള വിവിധ മോഡല്‍ പ്ലാന്റുകള്‍ ലഭ്യമാണ്. ഇവയില്‍ കക്കൂസുമായി ബന്ധിപ്പിച്ച് മനുഷ്യവിസര്‍ജ്യവും സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റുകളും ഉള്‍പ്പെടുന്നു.
വീടുകളിലെ മാലിന്യ സംസ്‌കരണം പോലെ ഹോസ്റ്റലുകള്‍, കോണ്‍വെന്റുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും അവിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള വലിപ്പം കൂടിയ പ്ലാന്റുകള്‍ സ്ഥാപിക്കാവുന്നതാണ്.
വീടുകളും പൊതുസ്ഥാപനങ്ങളും പോലെയോ അതില്‍ കൂടുതലോ
മാലിന്യകൂമ്പാരങ്ങള്‍ ദിനംപ്രതി ഉണ്ടാകുന്ന സ്ഥലങ്ങളാണ് മാര്‍ക്കറ്റുകളും അറവുശാലകളും. ഖരമാലിന്യത്തോടൊപ്പം മലിനജലവം വലിയ അളവില്‍ മാര്‍ക്കറ്റുകളില്‍ നിന്നും അറവുശാലകളില്‍ നിന്നും പുറംതള്ളുന്നു. ഇവ കുന്നുകൂട്ടിയിടുമ്പോള്‍ വളരെ വേഗം ജീര്‍ണിച്ച് അവയില്‍ നിന്നും മലിനജലം ഒഴുകിവരുന്നത് കാണാന്‍ കഴിയും. മാര്‍ക്കറ്റുകളില്‍ സ്ഥാപിക്കാവുന്ന ജൈവവാതക പ്ലാന്റകള്‍ ബയോടെക് വിവിധ മാതൃകകളില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇത്തരം പ്ലാന്റുകളില്‍ വേഗത്തില്‍ ജീര്‍ണിക്കുന്ന മല്‍സ്യ മാംസാവശിഷ്ടവും പഴങ്ങളുടെയും പച്ചക്കറികയുടെയും അവശിഷ്ടവും നേരിട്ട് നിക്ഷേപിച്ച് സംസ്‌കരിക്കാവുന്നതാണ്. മാലിന്യ സംസ്‌കരണ ഫലമായി ഉണ്ടാകുന്ന ജൈവവാതകം വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാം. ഇങ്ങനെ വൈദ്യുതി ഉണ്ടാക്കുന്നതിലൂടെ പ്ലാന്റിലെ തന്നെ യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും പ്രാദേശികമായി തെരുവുവിളക്കുകളും മറ്റും പ്രകാശിപ്പിക്കുന്നതിനും അതിലൂടെ പുറമെ നിന്നുള്ള വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിനും സാധിക്കുന്നു..ഇപ്പോള്‍ 100% ബയോഗ്യാസ് എഞ്ചിനുകളും ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളത്തിന്റെ ആദ്യത്തെ മാര്‍ക്കറ്റ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത് ബയോടെക് ആണ്. കൊല്ലം ജില്ലയിലെ പത്തനാപുരം മാര്‍ക്കറ്റില്‍ 2003 ല്‍ സ്ഥാപിച്ച ഈ പ്ലാന്റ് ഇന്നും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതിനോടകം തന്നെ 20 ല്‍ പരം പ്ലാന്റുകള്‍ വിവിധ പഞ്ചായത്ത് മാര്‍ക്കറ്റുകളിലും അറവുശാലകളിലും സ്ഥാപിക്കുക വഴി ഈ രംഗത്ത് ഒരു മാതൃക കാട്ടാനും ഏറ്റവും ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഒരളവുവരെ പരിഹാരം കാണാനും ബയോടെക്കിന് കഴിഞ്ഞിട്ടുണ്ട്.
വേഗത്തില്‍ ജീര്‍ണിക്കുന്ന മാര്‍ക്കറ്റ് അറവുശാല മാലിന്യങ്ങള്‍
സംസ്‌കരിച്ചാല്‍ പിന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്‌കരിക്കേണ്ടി വരുന്നത് കരിയില പേപ്പര്‍ വാഴയില തുടങ്ങിയ മാലിന്യങ്ങളും തെരവുകളും മറ്റും വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്നമാലിന്യങ്ങളുമാണ്. ഇവയില്‍ നിന്നും പ്ലാസ്റ്റിക്കും ഗ്ലാസ്സും ലോഹങ്ങളും വേര്‍തിരിച്ചശേഷം ശേഷിക്കുന്നവയെ കത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ബയോസിനറേറ്ററുകള്‍ ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജൈവവാതക പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ജൈവവാതകം ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ബയോസിനറേറ്ററുകള്‍ മറ്റ് ഇന്ധനങ്ങളോ തുടര്‍ചെലവുകളോ ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
പലപ്പോഴും മാലിന്യ സംസ്‌കരണ പ്ദധതികള്‍ പൂര്‍ണമായോ ഭാഗികമായോ പരാജയപ്പെടാറണ്ട്. ഇതിനുള്ള മുഖ്യകാരണം വ്യത്യസ്ഥസാഹചര്യങ്ങളില്‍ ഉണ്ടാകുന്നതും വ്യത്യസ്ഥ ഘടനയിലുള്ളതുമായ മാലിന്യങ്ങളെ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്‌കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അത്തരം പദ്ധതികള്‍ ഒരു പരാജയമായി തീരുന്നത്. ഇത് പരിഹരിക്കുന്നതിന് ബയോടെക് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി. പേരു
സൂചിപ്പിക്കുന്നതുപോലെ വിവിധ സാങ്കേതികവിദ്യകള്‍ ഒരേ പ്ലാന്റില്‍ സംയോജിപ്പിച്ച് വ്യത്യസ്ഥ വിഭാഗത്തിലുള്ള മാലിന്യങ്ങളും മലിനജലവും കാര്യക്ഷമമായി സംസ്‌കരിക്കാന്‍ കഴിയുന്നതിലൂടെ സമ്പൂര്‍ണ മാലിന്യ സംസ്‌കരണം ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സംയോജിത മാലിന്യ സംസ്‌കരണ പ്ലാന്റ് ബയോടെക് രൂപകല്‍പ്പന ചെയ്ത് സ്ഥാപിച്ചത് പത്തനംത്തിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലാണ്. ഈ പ്ലാന്റ് ഇന്ന് 'കോഴഞ്ചേരി മോഡല്‍' എന്ന പേരില്‍ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും പ്രശസ്തിനേടി ജനശ്രദ്ധ ആകര്‍ഷിച്ചുവരുന്നു. ഒരോ ദിവസവും പ്ലാന്റിലെത്തുന്ന മാലിന്യങ്ങളെ ആ ദിവസംതന്നെ സംസ്‌കരിക്കുന്ന ഈ പ്ലാന്റ് തികച്ചും ഒരു അനുകരണീയ മാതൃകതന്നെയാണ്.ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങളെ അന്നേ ദിവസം തന്നെ സംസ്‌കരിക്കാന്‍ കഴിയുന്ന ഇത്തരം പദ്ധതികള്‍ക്ക് ഇനിയും അര്‍ഹമായ പ്രചാരം ലഭിക്കേണ്ടിയിരിക്കുന്നു. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര സംഘടനകളുടെയും കൂട്ടായ പരിശ്രമം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
1994 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബയോടെക് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്തും ജൈവവാതക ഉത്പാദന രംഗത്തും നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് 1998 ല്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്‌കരിച്ച് പാചകവാതക ഉത്പാദനവും 2003 ല്‍ കേരളത്തിലെ ആദ്യത്തെ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റും 2006 ല്‍ ഇന്ത്യയിലെ ആദ്യത്തെ സംയോജിത മാലിന്യ സംസ്‌കരണ പ്ലാന്റും സഹിതം 15 ല്‍ പരം
കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ കഴിഞ്ഞത്. . ഏറെ ജനകീയമാകേണ്ട ഈ പദ്ധതിയുടെ വികസനത്തിന് ബയോടെക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 2007 ല്‍ അന്താരാഷ്ട്ര ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡായ ആഷ്ഡന്‍ അവാര്‍ഡ് ബയോടെക്കിന് ലഭിച്ചത്. ലണ്ടനിലെ റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയില്‍ വച്ച് നടന്ന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. അല്‍ഗോറില്‍ നിന്നും ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസ് ഗ്രീന്‍ ഓസ്‌ക്കാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഒരേ സമയം വിവിധ നേട്ടങ്ങള്‍ കൈവരിക്കാനും ഗുരുതരമായ ആരോഗ്യപ്രക്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന മാലിന്യ സംസ്‌കരണ ജൈവോര്‍ജ്ജ ഉത്പാദന പദ്ധതി ഇനിയും ജനകീയമാക്കേണ്ടിയിരിക്കുന്നു. ഭാവിയില്‍ ഓരോ വീടും ഓരോ സ്ഥാപനവും ഓരോ മാര്‍ക്കറ്റും അറവുശാലയും സ്വന്തം മാലിന്യം സംസ്‌കരിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഓരോ മിനി പവര്‍ഹൗസുകള്‍ അഥവാ ഊര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങളാകുമ്പോള്‍ മാലിന്യം നമ്മുടെ ശത്രുക്കളല്ലാതെ മിത്രങ്ങളായിതീരും. കുപ്പയില്‍ നിന്നും മാണിക്യം എന്ന മുദ്രാവാക്യവുമായി നാളെയുടെ സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സായി മാലിന്യത്തെ മാറ്റാന്‍ കഴിയുമെന്ന സ്വപ്നവുമായി അതൊരു യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രപരിശ്രമത്തില്‍ ബയോടെക്കും പങ്ക് ചേരുന്നു.
Comments
Post a Comment