'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും' (ഭാഗം മൂന്ന് )
'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും'
(ഭാഗം മൂന്ന് )
മാലിന്യമുക്ത കേരളത്തിന്
ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം
ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് വിദേശരാജ്യങ്ങളില്‍ നിലവിലുള്ളത്. കാരണം ബയോഗ്യാസിലെ പ്രഥാന ഘടകമായ മീഥൈന്‍ ഒരു പാരമ്പര്യേതര ഇന്ധനം എന്ന നിലയ്ക്ക് ഏറെ പ്രയോജനകരമായ ഒന്നാണെങ്കിലും ഇതിന്റെ അലക്ഷ്യമായ കൈകാര്യം ചെയ്യല്‍ ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കും. കാലാവസ്ഥാ വ്യതിയാനം വരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹരിതഗൃഹവാതകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മീഥൈന്‍ വാതകം. മീഥൈന്‍ വാതകം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 22 മടങ്ങ് അപകടകാരിയാണ്. അതിനാല്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചിട്ടുള്ളതും പ്രവര്‍ത്തന രഹിതമായി കിടക്കുന്നതുമായ ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉണ്ടാകുന്ന മീഥൈന്‍ ചോര്‍ച്ച ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് ഇടയാകുന്നു. കേരളത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന നിരവധി പ്ലാന്റുകള്‍ കൊച്ചി, കൊല്ലം കോര്‍പ്പറേഷനുകളിലും എല്ലാ ജില്ലകളിലെയും നിരവധി പഞ്ചായത്ത് മുനിസിപ്പല്‍ പ്രദേശങ്ങളിലുമുണ്ട്. ഇത്തരം പ്ലാന്റുകളില്‍ നിന്നുള്ള മീഥൈന്‍ വാതക ചോര്‍ച്ച തടയുന്നതിനുള്ള പരിജ്ഞാനമോ താത്പര്യമോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കോ പ്ലാന്റ് സ്ഥാപിച്ചു നല്‍കുന്ന ഏജന്‍സികള്‍േക്കാ ഇല്ല. പ്ലാന്റില്‍ നിന്നും പുറത്തുവരുന്ന മാലിന്യ സംസ്‌കരണ ശേഷമുള്ള സ്ലറി ഏറ്റവും ഗുണമേന്മയുള്ള ജൈവവളമാണെന്നിരിക്കെ ഇത് പ്രചരിപ്പിക്കുന്നതിനോ വിപണന സാദ്ധ്യത കണ്ടെത്തുന്നതിനോ ശ്രമിക്കാതെ സംസ്‌കരണ പ്ലാന്റിനോടനുബന്ധിച്ച് ഒരു സെപ്റ്റിക് ടാങ്കും സോക് പിറ്റും ഉണ്ടാക്കി ഭൂമിക്കടിയിലേക്ക് ചോര്‍ത്തി വിടുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്നത്. ഇത് സമീപപ്രദേശങ്ങളിലെ കിണറുകളേയും ശുദ്ധജലസ്രോതസ്സുകളേയും മലിനമാക്കുന്നതും സമീപഭാവിയില്‍ ഗുരുതരമായ പരിസ്ഥിതി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരുന്നതുമാണ്. ഇത്തരത്തിലൊരു പ്ലാന്റ് കൊല്ലം ജില്ലയിലെ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 22 മടങ്ങില്‍ അധികം അപകടകാരിയായ മീഥൈന്‍ വാതകത്തിന്റെ അശാസ്ത്രീയമായ ബഹിര്‍ഗമനം പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ സുരക്ഷിതത്വവും ഗുണമേന്മയുമുള്ള പ്ലാന്റുകള്‍ മാത്രമേ നിര്‍മ്മിക്കാന്‍ അംഗീകാരം നല്‍കാവൂ. ഇതിനാവശ്യമായ നിയമ നിര്‍മ്മാണവും നടത്തേണ്ടതുണ്ട്.
വലുപ്പം കുറഞ്ഞ പ്ലാന്റുകള്‍
ബയോഗ്യസ് പ്ലാന്റുകളുടെ ആവശ്യകതയും സാദ്ധ്യതയും എല്ലാവരും മനസ്സിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഉണ്ടാകാവുന്ന ഭീമമായ ഡിമാന്റ് പരിഹരിക്കാന്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാതാക്കള്‍ എന്ന പേരില്‍ സമീപിക്കുന്ന സ്ഥാപനങ്ങള്‍ക്കാക്കെ അംഗീകാരം നല്‍കുന്ന പ്രവണതയാണ് ഇതിന് ചുമതലയുള്ള ഏജന്‍സികള്‍ അവലംബിച്ചുവരുന്നത്. ഇതിന് പറയുന്ന ന്യായീകരണം എല്ലാ നിര്‍മ്മാതാക്കള്‍ക്കും അവസരം നല്‍കുക എന്നുള്ളതാണ്. മാത്രവുമല്ല വിലകുറഞ്ഞ പ്ലാന്റുകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നുള്ള ലക്ഷ്യവും ഇതിന് പിന്നിലുണ്ട് എന്നാണ് അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഗുണമേന്മയുള്ള പ്ലാന്റുകള്‍ മാത്രമേ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടുള്ളൂ എന്നുള്ളകാര്യം സൗകര്യപൂര്‍വ്വം ഏവരും വിസ്മരിക്കുകയാണ്.
ഗുണമേന്മയുള്ള ഒരു പ്ലാന്റ് സ്ഥാപിച്ചാല്‍ അത് 15 മുതല്‍ 20 വര്‍ഷം വരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ ഗുണമേന്മയില്ലാത്ത വിലകുറഞ്ഞതും വലുപ്പം കുറഞ്ഞതുമായ പ്ലാന്റുകള്‍ ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന രഹിതമാകുന്നതായാണ് കണ്ടുവരുന്നത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചില്ലായെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമായ പ്ലാന്റുകളുടെ ഒരു നീണ്ട നിരതന്നെ സംസ്ഥാനത്തുണ്ടാകും.
കേന്ദ്രസബ്‌സിഡി നഷ്ടമാക്കുന്നു.
ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര പാരമ്പര്യേതരഊര്‍ജജ മന്ത്രാലയം (MNRE) ഒരു ഘനമീറ്റര്‍ പ്ലാന്റിന് 4,000/- രൂപയും രണ്ട് ഘനമീറ്ററും അതില്‍ കൂടുതലും വലുപ്പമുള്ള ഗാര്‍ഹിക പ്ലാന്റുകള്‍ക്ക് 8,000/- രൂപയും സബ്‌സിഡി നല്‍കുന്നു. വലിപ്പം കുറഞ്ഞതും MNRE യുടെ അംഗീകാരം ഇല്ലാത്തതുമായ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ഈ സാമ്പത്തിക സഹായം ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ പോകുന്ന ഒരു സാഹചര്യമായിരിക്കും സംസ്ഥാനത്ത് സംജാതമാകുന്നത്. സര്‍ക്കാര്‍ വിപുലമായതോതില്‍ സംസ്ഥാനത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ടി പദ്ധതിക്ക് പരമാവധി കേന്ദ്രസര്‍ക്കാര്‍ ധന സഹായം കൂടി ഉറപ്പുവരുത്തുന്നത് അഭികാമ്യമായിരിക്കും. അല്ലായെങ്കില്‍ സംസ്ഥാനത്തുടനീളം ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഭീമമായ ഒരു സാമ്പത്തിക ബദ്ധ്യതയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്നത്.
ബയോടെക് കേരളത്തിലെ വിവിധ പഞ്ചായത്തുകളില്‍ സ്ഥാപിച്ച
മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം
2002ല്‍ പത്തനാപുരം മാര്‍ക്കറ്റില്‍ കേരളത്തിലെ ആദ്യത്തെ മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതിനുശേഷം 42 ല്‍പ്പരം ഗ്രാമപഞ്ചായത്തുകളില്‍ ബയോടെക് പ്ലാന്റുകള്‍ സ്ഥാപിച്ച് അവയില്‍ ഭൂരിഭാഗവും ബയോടെക് തന്നെ പ്രവര്‍ത്തിപ്പിച്ചുവരുന്നു. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ സബ്‌സിഡിയോടുകൂടി സ്ഥാപിച്ച ഈ പ്ലാന്റുകളില്‍ ഏറിയപങ്കും ഇന്ന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ ഏതാനും പ്ലാന്റുകള്‍ വിലകുറഞ്ഞ രാഷ്ട്രീയ പകപോക്കലുകളുടെ പേരില്‍ മന:പൂര്‍വ്വം പ്രവര്‍ത്തനരഹിതമാക്കിയിരിക്കുന്ന അവസ്ഥയും നിലവിലുണ്ട്. ഇത്തരം പ്ലാന്റുകള്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിധ സാങ്കേതിക സഹായവും നല്‍കുവാന്‍ ബയോടെക് തയ്യാറാണെങ്കിലും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതിനും പൂര്‍ണ്ണ
താത്പര്യം കാണിക്കുന്നില്ല. ഇതിന്റെ പിന്നില്‍ ബയോടെക് പ്ലാന്റുകള്‍ മന:പൂര്‍വ്വം പ്രവര്‍ത്തന രഹിതമാക്കി കാണിക്കണമെന്നുള്ള ഏതാനും അസൂയാലുക്കളായ ഉദ്യോഗസ്ഥന്‍മാരുടെ ഗൂഢശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് കഴിഞ്ഞ ഏതാനും വര്‍ഷമായി ബയോടെക് സ്ഥാപിക്കുന്ന പ്ലാന്റുകളുടെ തുടര്‍ പ്രവര്‍ത്തന ചുമതലയും ബയോടെക് തന്നെ ഏറ്റെടുത്ത് നടത്തുന്നു. ഇത്തരത്തില്‍ ഏറ്റവും ചുരുങ്ങിയത് 5 വര്‍ഷക്കാലം പ്ലാന്റുകളുടെ പ്രവര്‍ത്തന ചുമതല ബയോടെക്കിനെ ഏല്‍പിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിര്‍മ്മാണം മാത്രമെ ബയോടെക് ഇപ്പോള്‍ ഏറ്റെടുക്കുന്നുള്ളൂ. ഇതിനെ തുരങ്കംവയ്ക്കുന്നതിനും ഏതാനും ചില ഉദ്യോഗസ്ഥന്‍മാര്‍ ശ്രമിക്കുന്നുണ്ട്.
സാവധാനം ജീര്‍ണ്ണിക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണത്തിന്
ബയോടെക് നല്‍കുന്ന പ്രത്യേക സേവനങ്ങള്‍
ബയോടെക് വികസിപ്പിച്ചെടുത്തിട്ടുള്ള സംയോജിത മാലിന്യ സംസ്‌കരണ പദ്ധതിയുടെ സഹായത്താല്‍ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ നിന്നും ദിനംപ്രതി ഉണ്ടാകുന്ന എല്ലാത്തരം മാലിന്യങ്ങളുടെയും ശേഖരണവും സംസ്‌കരണവും കാര്യക്ഷമമായി നടത്താന്‍ കഴിയും. സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി എന്നപേരില്‍ രൂപ കല്‍പ്പനചെയ്തിരിക്കുന്ന ഈ പദ്ധതിയിന്‍ കീഴില്‍ പ്ലാസ്റ്റിക്, ഗ്ലാസ്സ്, ലോഹങ്ങള്‍ തുടങ്ങിയ അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും പുനര്‍ചംക്രമണം (Recycling) ചെയ്യുന്നതിനും സാധിക്കുന്നു. ബയോഗ്യാസ് ഉത്പാദനത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത ഉണങ്ങിയ ജൈവമാലിന്യങ്ങളെ കത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ബയോസിനറേറ്ററുകള്‍ ബയോടെക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്ലാന്റില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ആണ് ഇന്‍സിനറേഷനിലൂടെ മാലിന്യ സംസ്‌കരണം നടത്തുന്ന ഈ പ്ലാന്റില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിനാല്‍ ബയോസിനറേറ്റര്‍
പ്രവര്‍ത്തിപ്പിക്കുന്നതിന് മറ്റ് ഇന്ധനങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. ഇതിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണത്തിന് വേണ്ടിവരുന്ന തുടര്‍ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയും. മാത്രവുമല്ല ദിനംപ്രതി ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതാതുദിവസം തന്നെ സംസ്‌കരിക്കുന്നതിനും ബയോടെക് പ്ലാന്റുകള്‍ സഹായിക്കുന്നു....................( തുടരും )
Comments
Post a Comment